മുന്നറിയിപ്പ് അവഗണിച്ചു, ചുഴി ജീവൻ കവർന്നു

Thursday 26 January 2023 1:38 AM IST

പത്തനാപുരം: ഒരു പക്ഷേ, ബഹളം കേട്ട് നാട്ടുകാർ അലറി വിളിച്ചില്ലായിരുന്നെങ്കിൽ പുഴയിൽ കൂടുതൽ ജീവനുകൾ അപകടത്തിൽപ്പെടുമായിരുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് ഒരു പെൺകുട്ടി ഉൾപ്പെട്ട വിദ്യാർത്ഥി സംഘം എലിക്കാട്ടൂർ കടവിലെത്തിയത്. ഷിജു ആറ്റിലിറങ്ങിയപ്പോൾ തന്നെ പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആറ്റിൽ ഇറങ്ങില്ലെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ആദ്യം എലിക്കാട്ടൂർ പുതിയ പാലത്തിലും ആറിന്റെ കരഭാഗത്ത് നിന്നും സെൽഫിയെടുത്തു. പിന്നീടാണ് ഷീജു ആറ്റിലിറങ്ങിയത്. മറ്റുള്ളവർ അധികം ആഴത്തിലേക്ക് ഇറങ്ങിയില്ല. ഷീജുവിന് നീന്തൽ വശമുണ്ടായിരുന്നതാൽ മുങ്ങിയും പൊങ്ങിയും നിന്നപ്പോൾ തമാശയായി കരുതി. ഇതുകണ്ട് മറുകരയിലെ കുളിക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ അലറിവിളിച്ച് ആരും ഇറങ്ങരുതെന്ന് വിലക്കി. ഈ മുന്നറിയിപ്പാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഷീജുവും കൂട്ടുകാരും എത്തിയ കുളിക്കടവ് വേനൽക്കാലത്ത് പോലും വലിയ കുഴിയും ചുഴിയുമുള്ള സ്ഥലമാണ്. ഇവിടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ചോളം ജീവനുകളാണ് പൊലിഞ്ഞത്.

പരിചിതരും നീന്തൽ വശമുള്ളവർ പോലും ഈ കടവിൽ ഇറങ്ങാറില്ല. മൂന്ന് മാസം മുമ്പ് പത്തനാപുരം പിടവൂർ കുറ്റിമൂട്ടിൽ കടവിൽ കൂട്ടുകാരിയുടെ വീട്ടിലെത്തിയ കോന്നി സ്വദേശിയായ വിദ്യാർത്ഥിനി സെൽഫി പകർത്തുന്നതിനിടെ ആറ്റിൽ വീണ് മരിച്ചിരുന്നു.