ഗൃഹനാഥന്റെ ആത്മഹത്യ: നാലുപേർ അറസ്റ്റിൽ

Thursday 26 January 2023 1:46 AM IST

കൊല്ലം: മദ്യപസംഘം മർദ്ദിച്ചതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ പെരുങ്ങള്ളൂർ പെരുവറത്ത് വീട്ടിൽ അജയകുമാറിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിൽ ആയൂർ അകമൺ ലക്ഷംവീട് കോളനിയിൽ ഷംല മൻസിലിൽ മുഹമ്മദ് ഫൈസൽ (45), മഞ്ഞപ്പാറ മലപ്പേരൂർ തെക്കടത്ത് മേലതിൽ വീട്ടിൽ മോനിഷ് മോഹൻ (28), മലപ്പേരൂർ തടത്തിൽ ചരുവിള പുത്തൻവീട്ടിൽ നൗഫൽ (30), ഇടുക്കി എം.കെ പടി പുഷ്പഗിരി സ്വദേശിയായ ഉമ്മന്നൂർ വേങ്ങൂർ രേഷ്മാ ഭവനിൽ ആൽസൺ വർഗീസ് (28) എന്നിവരാണ് പിടിയിലായത്.

മോനിഷ് മോഹൻ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ ഇന്നലെ ഉച്ചയോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടർന്ന് കർണാടക ഉൾപ്പെടെ പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ കൊട്ടാരക്കരയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്വത്തിൽ എസ്.ഐ മോനിഷ്, വനിത എസ്.ഐ പ്രിയ, ഗ്രേഡ് എസ്.ഐ മനോജ്, സി.പി.ഒമാരായ സനിൽ, ഉബൈദ്, മഹേഷ്, വിഷ്ണു എന്നിരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ, പോക്സോ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.കഴിഞ്ഞ ബുധനാഴ്ചയാണ് മർദ്ദനത്തിൽ മനംനൊന്ത് അജയകുമാർ വീടിന്റെ പിന്നാമ്പുറത്ത് തൂങ്ങി മരിച്ചത്.