"ഒരു എഴുത്തുകാരന് വേണ്ടി പ്രത്യേകം നൽകിയതല്ല ഈ സേവനം, ഏറ്റവും അറിയപ്പെടാത്ത പൗരന് വേണ്ടിയും ഞങ്ങൾ ഇത് പോലെ തന്നെ പ്രവർത്തിക്കും" പൊലീസിനെക്കുറിച്ച് പോൾ സക്കറിയ

Thursday 26 January 2023 11:35 AM IST

ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ചും അതുമൂലമുണ്ടായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പോൾ സക്കറിയ. പാസ്‌പോർട്ട് കണ്ടെത്താൻ സഹായിച്ച പൊലീസിനെക്കുറിച്ചും ഒരു യുവാവിനെക്കുറിച്ചുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു പാസ്സ്പോർട്ടും ഒരു നഷ്ടവും ഒരു ലാഭവും
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ എന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു. വളരെ അസ്വസ്ഥത ഉളവാക്കുന്ന സംഭവമാണ്. എന്നാൽ ഒരു തരത്തിൽ എനിക്കത് പ്രയോജനപ്പെട്ടു. കാരണം അതെന്നെ ചില പുതിയ അനുഭവങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും നയിച്ചു.


രാഷ്ട്രീയാധികാരികൾ ദുരുപയോഗപ്പെടുത്തുന്ന ജനാധിപത്യ സംവിധാനമായ പോലീസിനെ ഞാൻ മറ്റനവധി നിസ്സഹായരായ പൗരന്മാരെ പോലെ വിമർശന മനോഭാവത്തോടെയാണ് കാണുന്നത്. ഭരണകൂടത്തിൻറെ എല്ലാ മേഖലകളിലുമെന്നപോലെ പോലീസിലുമുള്ള പുകഞ്ഞ കൊള്ളികളെ പറ്റി എനിക്കും അമർഷമുണ്ട്. ഈ അവസ്ഥാവിശേഷത്തിനു പോലീസിനെയല്ല പഴിക്കേണ്ടത് അവരെ നിയന്ത്രിക്കുന്ന ഭരണ പ്രമാണിമാരെയാണ് എന്നും ഞാൻ മനസിലാക്കുന്നു. പക്ഷെ ദുരനുഭവമുണ്ടാകുമ്പോൾ പഴി പോലീസിനല്ലാതെ മറ്റാർക്കാണ് ലഭിക്കുക.


എനിക്കുണ്ടായ അനുഭവം പോലീസിനെ പറ്റിയുള്ള എന്റെ നല്ല തിരിച്ചറിവുകളെ ബലപ്പെടുത്തുകയും പൗരൻ എന്ന നിലയിൽ പോലീസിനെ പറ്റി അഭിമാനം തോന്നിപ്പിക്കുകയും ചെയ്തു. ആ അനുഭവം അളവുകോലാക്കികൊണ്ട് പോലീസ് സംവിധാനത്തെ ഒന്നടങ്കം ബാലിശമായി പുകഴ്ത്തുകയല്ല. പോലീസുകാർ തന്നെയത് വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഞാൻ വസ്തുതകൾ മാത്രം കുറിക്കുന്നു. മറ്റൊന്നും കൊണ്ടല്ല, നല്ല കാര്യങ്ങൾക്കും നമ്മുടെ സൂര്യന് കീഴിൽ വല്ലപ്പോഴും ഇടം കിട്ടട്ടെ.
പാസ്പോര്ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് (തിരുവനന്തപുരത്തെ) തമ്പാനൂർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ മി. പ്രകാശിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും എനിക്ക് ലഭിച്ച സഹായ സഹകരണങ്ങൾ അകമഴിഞ്ഞ നന്ദിയോടെയേ എനിക്ക് സ്മരിക്കാനാകൂ. ആ പെരുമാറ്റം ഒറ്റപ്പെട്ടതല്ല എന്ന് എന്റെ സാമാന്യബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയും. ആകാശത്തിൽ നിന്ന് കെട്ടിയി റക്കിയത് പോലെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഉണ്ടാവാൻ വഴിയില്ല. അവരെ പോലെയുള്ള പോലീസുകാരും പോലീസ് സ്റ്റേഷനുകളും വേറെയും ഉണ്ടാവും എന്ന് തീർച്ച. എന്നാൽ വിവിധ കാരണങ്ങളാൽ കൂടുതൽ സമയവും വാർത്തകളിൽ ഇടം നേടുന്നത് പോലീസിന്റെ വീഴ്ചകളാണ്. അഴിമതിയിലും ജനവിരുദ്ധ മനോഭാവത്തിലും പങ്ക് ചേരാത്ത എത്രയോ സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്. അവരെ പറ്റി ആരറിയുന്നു?


ജനുവരി 19 നു ഓട്ടോയിൽ വച്ച് നഷ്ട്പ്പെട്ട പാസ്പോർട്ട് തിരിച്ചു കിട്ടി എന്നറിയിക്കാൻ ഇന്നലെ (23rd) തമ്പാനൂർ സി.ഐ. മി. പ്രകാശ് എന്നെ വിളിക്കുമ്പോൾ ഈ അഞ്ച്‌ ദിവസങ്ങളി ലൂടെ അവർ നടത്തിയ പരിശ്രമങ്ങളെ ഞാൻ നന്ദിപൂർവം ഓർമിച്ചു. സംസാരിച്ചിരിക്കെ അദ്ദേഹം എന്നോട് പറഞ്ഞു, "ഒരു എഴുത്തുകാരന് വേണ്ടി ഞങ്ങൾ പ്രത്യേകം നൽകിയതല്ല ഈ സേവനം. ഏറ്റവും അറിയപ്പെടാത്ത പൗരന് വേണ്ടിയും ഞങ്ങൾ ഇത് പോലെ തന്നെ പ്രവർത്തിക്കും." പ്രസന്നവദനരായ ചെറുപ്പക്കാരുടെ ഒരു ടീമിനെ ആണ് തമ്പാനൂർ സ്റ്റേഷനിൽ ഞാൻ കണ്ടത്. അത് അങ്ങനെ തന്നെ തുടരാൻ ഇട വരട്ടെ! മാനുഷികതയും ജനാധിപത്യബോധവും ജനസൗഹൃദവും ഉള്ള അംഗങ്ങൾ ഇനിയും കേരളപോലീസിൽ നിറയട്ടെ.
എന്റെ പാസ്പോർട്ട് പാതയിൽ വീണു പോയിരിക്കുകയായിരുന്നു എന്നാണു സൂചന. ഞാൻ യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവറല്ല മറ്റൊന്നിന്റെ ഡ്രൈവറാണ് അത് കണ്ടെത്തി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. കോവളംകാരനായ യുവ ഓട്ടോ ഡ്രൈവർ ചന്തു. അദ്ദേഹം ചെയ്യുന്ന ജോലി കടകളിൽ നിന്ന് വേസ്റ്റ് പദാർത്ഥങ്ങൾ നീക്കം ചെയ്യലാണ്. ശരാശരി മലയാളി എല്ലാ മസ്‌തിഷ്‌ക്കപ്രക്ഷാളനങ്ങളോടും മല്ലിട്ടു നേടിയെടുത്തിട്ടുള്ള നാം ജീവിക്കുന്ന ലോകത്തെ പറ്റിയുള്ള യാഥാർഥ്യ ബോധത്തിന്റെ ഒന്നാംതരം ഉദാഹരണമാണ്ചന്തു എന്നോട് പറഞ്ഞ ഒരു കാര്യം. അദ്ദേഹത്തിൻറെ സഹായി ഭായി ആണ് പാസ്പോർട്ട് നിലത്തു കിടക്കുന്നതു കണ്ടത്. ഒരു ഡയറി കിട്ടി എന്ന് പറഞ്ഞു സഹായി അതെടുത്തു ചന്തുവിന് കൊടുത്തു. ചന്തു എന്നോട് പറഞ്ഞു, "ഞാൻ അത് തുറന്നു നോക്കി. പാസ്പോർട്ട് ആണെന്ന് മനസ്സിലായി. ഞാൻ അതിന്റെ expiry date നോക്കി. 2027 ആണെന്ന് കണ്ടു. ഉപയോഗത്തിലുള്ളതാണെന്നു മനസ്സിലായി. മറിച്ചു നോക്കി. കുറെ യാത്രകൾ പോയിട്ടുള്ളതാണെന്നു മനസ്സിലായി. ഉപേക്ഷിച്ചതല്ല കളഞ്ഞു പോയതാണെന്ന് വ്യക്തമായി. ഞാൻ ഉടനെ അതുമായി പോലീസ് സ്റ്റേഷനിലേക്ക് പോയി." ഒരിക്കൽ നവോത്ഥാനം നമുക്ക് നേടിത്തന്ന ചിന്താശക്തിയുടെയും ലോകവിവരത്തിന്റെയും യാഥാർഥ്യബോധത്തിന്റെയും ഇനിയും മരിച്ചിട്ടില്ലാത്ത പാരമ്പര്യത്തിന്റെ മക്കളായ ലക്ഷക്കണക്കിന് സാധാരണ മലയാളി പൗരരുടെ പ്രതിനിധിയാണ് ചന്തു എന്ന് ഞാൻ കരുതുന്നു.
അദ്ദേഹത്തിൻറെ കർത്തവ്യബോധത്തിനും സഹായ മനസ്ഥിതിയ്ക്കും പൗരബോധത്തിനും മുമ്പിൽ ഞാൻ നമിക്കുന്നു.
പാസ്പോർട്ട്‌ നഷ്ടപ്പെട്ട വാർത്ത പൊതുജനസമക്ഷം എത്തിയ്ക്കാൻ എന്റെ മാധ്യമ സുഹൃത്തുക്കൾ എന്നെ വളരെ സഹായിച്ചു. അവർക്കു എന്റെ ഹൃദയ പൂർവമായ നന്ദി.
ചിത്രങ്ങൾ
1. തമ്പാനൂർ സി. ഐ. മി. പ്രകാശ് എനിക്ക് പാസ്പോർ ട്ട് കൈമാറുന്നു.
2. ചന്തുവും ഞാനും