ഒരു വീട്ടിൽ ഇനി രണ്ട് നായ്ക്കൾ മാത്രം; നിയന്ത്രണവുമായി നഗരസഭ, ബ്രീഡ്  അടിസ്ഥാനത്തിലുള്ള  ലെെസൻസിംഗ് നടപ്പാക്കും

Friday 27 January 2023 10:18 AM IST

തിരുവനന്തപുരം: വാണിജ്യേതര ആവശ്യങ്ങൾക്കായി വീടുകളിൽ വളർത്താവുന്ന നായ്ക്കളുടെ എണ്ണം രണ്ടാക്കി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി. കൂടുതൽ നായ്ക്കൾ സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്.

2022ൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് രണ്ടിൽ നിന്ന് അഞ്ച് ആക്കി നായ്ക്കളുടെ എണ്ണം ഉയർത്തിയത്. എന്നാൽ അടുത്തിടെ നടന്ന കൗൺസിലിൽ ഭേദഗതി അംഗീകാരത്തിന് വന്നപ്പോൾ വീട്ടിൽ വളർത്താവുന്ന പരമാവധി നായ്ക്കളുടെ എണ്ണം രണ്ടായി നിജപ്പെടുത്തുകയായിരുന്നു. രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തണം എന്നുണ്ടെങ്കിൽ പ്രത്യേക അനുമതി വാങ്ങണം. നഗരസഭ കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഒപ്പം വർഷം തോറും പ്രത്യേക ഫീസും നൽകണം. സർക്കാർ അംഗീകാരത്തിന് ശേഷം ഇത് നടപ്പിലാക്കും.

ലെെസൻസോ മതിയായ സൗകര്യങ്ങളോ ഇല്ലാതെ വീടുകളിൽ നായ്ക്കളെ വളർത്തുന്നത് കൗൺസിലർമാരുടെ ശ്രദ്ധയിൽപ്പെട്ടതായും അത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധരൻ അറിയിച്ചു. വീട്ടിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഓരോ അധിക നായ്ക്കും നിശ്ചിത നിരക്കിൽ പ്രത്യേക ലെെസൻസ് എടുക്കേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.

പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലെെസൻസിംഗ് നഗരസഭ നടപ്പാക്കും. വലിയ ബ്രീഡുകൾക്ക് ഒരു വർഷം 1000രൂപയും

ചെറിയ ബ്രീഡുകൾക്കൾ 500 ഉം ഇടത്തരം ഇനങ്ങൾക്ക് 750 രൂപയുംമാണ് പുതിയ ഫീസ്. മുൻപ് എല്ലാ ബ്രീഡുകൾക്കും 125 രൂപയായിരുന്നു ഫീസ്. ഒരു ഷെൽട്ടർ മാതൃകയിൽ നായ്ക്കളെ വളർത്തുന്നവർ നഗരസഭയ്ക്ക് 1000 രൂപ നൽക്കേണ്ടിവരും.

2022ൽ 125 രൂപ നിരക്കിൽ 9,000ലധികം ലെെസൻസുകൾ നഗരസഭ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സംവിധാനത്തിലൂടെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്താനും ഫീസിൽ നിന്നും കൂടുതൽ വരുമാനം നേടാനും കഴിയുമെന്നാണ് നഗരസഭ പറയുന്നത്.

Advertisement
Advertisement