കൊല്ലത്ത് പിടിയിലായത് ഹിറ്റ്‌ലി‌സ്‌റ്റിലേക്ക് സന്ദേശങ്ങൾ കൈമാറിയിരുന്ന പി എഫ് ഐ പ്രവർത്തകൻ, നൽകിയിരുന്നത് ആർ എസ് എസ് - ബി ജെ പിക്കാരുടെ വിവരങ്ങൾ

Friday 27 January 2023 11:26 AM IST

ന്യൂഡൽഹി: കൊല്ലത്തുനിന്ന് പിടിയിലായ പോപ്പുലർ ഫ്രണ്ട് (പി എഫ് ഐ) പ്രവർത്തകൻ സാദിഖ് ഹിറ്റ്‌ലി‌സ്‌റ്റിലേക്ക് ബി ജെ പി - ആർ എസ് എസ് പ്രവർത്തകരുടെ വിവരങ്ങൾ കൈമാറിയിരുന്നു എന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി . കൊല്ലം ജില്ലയിൽ നടക്കുന്ന ആർ എസ് എസ് - ബി ജെ പി പരിപാടികളുടെ വിവരങ്ങളും ഇതിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളുമാണ് സാദിഖ് ഹിറ്റ് സ്ക്വാഡിന് കൈമാറേണ്ടിയിരുന്നത്.അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പി എഫ് ഐയുടെ റിപ്പോർട്ടർ എന്ന നിലയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും സാദിഖിനെപ്പോലെ നിരവധി പേരെ ഇതിനായി നിയമിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. സാദിഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആർ എസ് എസ് - ബി ജെ പി പരിപാടികളുടെ നിരവധി നോട്ടീസുകൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതര മതസ്ഥരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാൻ പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗമുണ്ടെന്നും ആഗാേള ഭീകരബന്ധത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞമാസം എൻ ഐ എ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഈ രഹസ്യവിഭാഗം പ്രവർത്തിക്കുന്നതെന്നും ഇവർ തയ്യാറാക്കുന്ന പട്ടിക പ്രകാരമാണ് കൊലപാതകങ്ങൾ അടക്കമുള്ള ആക്രമണങ്ങൾ നടത്തിയതെന്നും എൻ ഐ എ കോടതി യെ അറിയിച്ചിരുന്നു.