ഇത്  ആനന്ദക്കണ്ണീരാണ്, മകന് മുന്നില്‍ ഒരു ഫൈനല്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചില്ല; വിടവാങ്ങൽ പ്രസംഗത്തിനിടെ വികാരഭരിതയായി സാനിയ

Friday 27 January 2023 1:05 PM IST

ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിന്റെ ഫൈനലിൽ പരാജയം രുചിച്ച് ഗ്രാൻഡ് സ്ലാം യാത്രയ്ക്ക് വിരമമിട്ട് സാനിയ മിർസ. മെൽബണിലെ റോഡ് ലേവർ അരീനയിൽ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗമാണ് സാനിയ നടത്തിയത്. 'മെൽബണിലാണ് എന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ഗ്രാൻഡ് സ്ലാം കരിയർ നിർത്താൻ ഇതിനേക്കാൾ മികച്ചൊരു വേദിയില്ല. ഞാൻ കരയുകയാണെങ്കിലും ഇത് ആനന്ദക്കണ്ണീരാണ്, സങ്കടത്തിന്റെയല്ല,

ഞാൻ ഇനിയും ടൂര്‍ണ്ണമെന്റുകളിൽ പങ്കെടുക്കും. 2005ൽ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. പതിനെട്ടാമത്തെ വയസിൽ ഞാൻ മൂന്നാം റൗണ്ടില്‍ സെറീന വില്യംസുമായി കളിച്ചതിലൂടെ ഇവിടെ വീണ്ടും വരാനുള്ള ഭാഗ്യം എനിക്ക് കൈവന്നു. റോഡ് ലോവര്‍ അറീന എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്റെ മകന്റെ കൺമുന്നിൽ ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.'- സാനിയ മിർസ നിറകണ്ണുകളോടെ പറഞ്ഞു.

സാനിയയുടെ കരിയറിലെ പതിനൊന്നാമത് ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു ഇത്. ആറ് ഗ്രാൻഡ് സ്ലാമുകൾ അടക്കം നാൽപ്പത്തിമൂന്ന് ഡബിൾസ് കിരീടങ്ങൾ നേടി. 2018ലാണ് സാനിയ മകൻ ഇഹ്‌സാന് ജന്മം നൽകിയത്. 2020ൽ ടെന്നീസിലേക്ക് തിരിച്ചെത്തി.

2022 സീസണ് ശേഷം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പിൻവലിച്ച് വീണ്ടും മത്സരിക്കാനിറങ്ങി. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽ പരാജയം രുചിച്ചതോടെയാണ് സാനിയ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.