ബ്രിട്ടാസിനും തിരുവഞ്ചൂരിനും ഫൊക്കാന പുരസ്ക്കാരം
വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പിയ്ക്കുള്ള പുരസ്‌കാരത്തിന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസും മികച്ച എം.എൽ.എയ്ക്കുള്ള പുരസ്ക്കാരത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണനും അർഹരായി. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാന കേരളാ കൺവൻഷനിൽ വച്ച് പുരസ്‌കാരം നൽകുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫനും ജനറൽ സെക്രട്ടറി ഡോ.കലാ ഷാഹിയും വാർത്തക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള എം.പി മാരിൽ പാര്‍ലമെന്റിൽ ഏറ്റവും കൂടുതൽ ഹാജർ നിലയുള്ളയുള്ളതും ഏറ്റവും കൂടുതൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചതും ബ്രിട്ടാസ് ആയിരുന്നു. ഒരു കാലഘട്ടം മുഴുവൻ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ കോട്ടയം നിവാസികളുടേയും കേരള ജനതയുടേയും സ്‌നേഹം പിടിച്ചുപറ്റുകയും ആത്മാർത്ഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട എം.എൽ.എ യും മന്ത്രിയുമൊക്കെയായിത്തീർന്ന ജനപ്രതിനിധിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെന്ന് അവാർഡ് ജൂറി വിലയിരുത്തി.