വലിച്ചെറിയൽ മുക്ത കേരളം: കാവശ്ശേരിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Saturday 28 January 2023 12:59 AM IST
കാവശ്ശേരി പരയ്ക്കാട്ടുകാവിന് സമീപമുള്ള മാലിന്യം തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും ചേർന്ന് നീക്കുന്നു.

ആലത്തൂർ: വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി കാവശ്ശേരി പഞ്ചായത്ത് 'ക്ലീൻ കാവശ്ശേരി ഗ്രീൻ കാവശ്ശേരി" പദ്ധതിയോടനുബന്ധിച്ച് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.

പരയ്ക്കാട്ടുകാവിന് സമീപമാണ് സോളാർ പാനലിൽ പ്രവർത്തിക്കുന്ന ക്യാമറ സ്ഥാപിച്ചത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ 10000 രൂപയിൽ കുറയാതെ പിഴ ഈടാക്കും. ക്യാമ്പയിന്റെ ഭാഗമായി പരയ്ക്കാട്ട്കാവിന് സമീപത്ത് മാലിന്യമുള്ള സ്ഥലം ശുചീകരിക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമ്മ സേനാംഗങ്ങളും ചേർന്ന് പൂർത്തിയാക്കി. പ്രദേശത്തെ മാലിന്യം ക്ലീൻ കേരളാ കമ്പനിക്ക് നൽകാൻ കഴിയുന്ന തരത്തിൽ കുപ്പിച്ചില്ല്, ചെരുപ്പ്, പഴകിയ തുണി, പ്ലാസ്റ്റിക് കവറുകൾ എന്നിങ്ങനെ തരംതിരിച്ച് നാല് ടൺ വരുന്ന അജൈവ പാഴ് വസ്തുക്കൾ എം.സി.എഫിലേക്ക് മാറ്റി. വരുംദിവസങ്ങളിലും മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തി തുടരും.

പ്രദേശം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടവും ഫലവൃക്ഷതൈകളും വച്ച് പിടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വരും ദിവസങ്ങളിൽ നടത്തും. ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് പ്രസിഡന്റ് സി.രമേഷ്‌കുമാർ, വാർഡംഗം ഗോപൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.