കുട്ടികളെ കയറ്റാത്ത ബസുകാരെ പൂട്ടാൻ പെരുമ്പാവൂർ ആർ ടി വിഭാഗം രംഗത്ത്

Saturday 28 January 2023 12:29 AM IST

കൊച്ചി: കുട്ടികളെ കയറ്റാതെ ചീറിപ്പായുന്ന ബസുകാർക്കെതിരെ കർശന നടപടിയുമായി പെരുമ്പാവൂർ ആർ.ടി വിഭാഗം. വിവിധ സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എയുടെയും പരാതികളിലാണ് സ്റ്റോപ്പുകളിലും ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും പരിശോധന തുടങ്ങിയത്. നിയമലംഘനത്തിന് എതിരെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കം കർശന നിലപാട് എടുക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഒക്കൽ ബസ് സ്റ്റോപ്പിൽ നടത്തിയ പരിശോധനയിൽ മൂന്നു ബസുകൾക്കെതിരെ നടപടി എടുത്തു. മറ്റിടങ്ങളിൽ പരിശോധന തുടരും. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കാണുമ്പോൾ നല്ല പിള്ള ചമയുന്ന ബസുകാരെ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് പരിശോധിക്കുന്നത്.

യഥാസ്ഥാനത്ത് നിറുത്താതെയും കുട്ടികളെ കയ​റ്റാതെയും നടത്തുന്ന സർവീസുകൾ, യാത്രക്കാർ കയറിയ ശേഷം മാത്രം കയറ്റാനായി കുട്ടികളെ പുറത്ത് നിറുത്തുന്ന പ്രവണതയടക്കം പരിശോധിച്ച് നടപടി എടുക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ എ.എം. പ്രകാശ് പറഞ്ഞു. പല മേഖലകളിലും സ്കൂൾ വിട്ട ശേഷം മണിക്കൂറുകൾ കാത്തു നിന്നാണ് കുട്ടികൾ വീടെത്തുന്നത്. ഈ ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരവുമായി എം.വി.ഐ എസ്.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന തുടരുന്നത്. ഇതിനോടകം ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ മൂന്ന് ബസുകൾക്കെതിരെയും റോഡ് സുരക്ഷയെ ബാധിക്കുന്നതും വേഗപൂട്ട് ഇല്ലാത്തുമായ ഒരു ബസിന്റെ ഫി​റ്റ്‌നസ് ഉൾപ്പെടെ റദ്ദാക്കുകയും ചെയ്തു.

Advertisement
Advertisement