സ്കൂൾ പരിസരങ്ങളിലെ മിഠായി വില്പന: പരിശോധന കർശനം

Saturday 28 January 2023 12:57 AM IST
ഭക്ഷ്യസുരക്ഷാ വകുപ്പ് കിഴക്കഞ്ചേരി സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിന്ന്

പാലക്കാട്: സ്കൂൾ പരിസരങ്ങളിലെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

ഗുണനിലവാരമില്ലാത്ത മിഠായികൾ സ്കൂൾ പരിസരങ്ങളിലെ കടകളിൽ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കി. കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് പരിസരത്തെ കടകളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാതെ കണ്ടെത്തിയ മിഠായികൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വിദ്യാർത്ഥികൾ കൃത്യമായ ലേബൽ വിവരം രേഖപ്പെടുത്തിയ മിഠായികൾ മാത്രം വാങ്ങുക. 2. കൃത്രിമ നിറങ്ങൾ, നിരോധിച്ച നിറങ്ങൾ എന്നിവ അടങ്ങിയ മിഠായികൾ ഉപയോഗിക്കരുത്. 3. ലേബലിൽ പായ്ക്ക് ചെയ്ത തിയതി, എക്സ്‌പയറി ഡേറ്റ് എന്നിവയുണ്ടെന്ന് ഉറപ്പാക്കുക. 4. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. 5. കൊണ്ടുനടന്ന് വിൽക്കുന്ന റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞിമിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

6. നിരോധിച്ച റോഡമിൻ ബി എന്ന ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണ്.