കാട്ടുതീ തടയാൻ നടപടി പൂർത്തിയായി
ഒറ്റപ്പാലം: ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ കാട്ടുതീ തടയാൻ വനംവകുപ്പിന്റെ സുരക്ഷയൊരുക്കൽ പൂർത്തിയായി. തീ പടരുന്നത് തടയാൻ 150 ഹെക്ടർ സ്ഥലത്ത് ഫയർ ലൈൻ ഒരുക്കി. ജനവാസ മേഖലകളിൽ ബോധവത്കരണവും പൂർത്തിയായി.
അനങ്ങൻ മലയിലുൾപ്പെടെ വേനലിൽ രാത്രിയിലാണ് തീ പടരാറുള്ളത്. രാത്രിയിലുള്ള തീയിടൽ കണ്ടെത്താൻ 22 വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ആദ്യമഴ പെയ്ത് കാട്ടുതീ ഭീതി ഇല്ലാതാകും വരെ പ്രത്യേക പരിശോധന നടത്തും. റേഞ്ച് പരിധിയിലെ പല വനമേഖലകളിലായി തീപടർന്നാൽ അണയ്ക്കാൻ വകുപ്പ് ഏറെ ബുദ്ധിമുട്ടാറുണ്ട്. പലയിടത്തും അഗ്നിരക്ഷാ സേനയ്ക്ക് സഹായത്തിനായി വേഗത്തിലെത്താനാകാത്തതും പ്രശ്നമാകാറുണ്ട്. ഇത് മുന്നിൽ കണ്ടാണ് സുരക്ഷയൊരുക്കിയത്.
സുരക്ഷാ സംവിധാനം ഇങ്ങനെ
- ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ പരിധിയിലെ 41 വനമേഖലകളിലാണ് സുരക്ഷാ നടപടി പൂർത്തിയാക്കിയത്.
- പത്തുമുതൽ 1,000 ഹെക്ടർ വരെ വിസ്തൃതിയുള്ള മലനിരകളിലാണിത്.
- എത്ര സ്ഥലത്ത് സംവിധാനമൊരുക്കണമെന്നറിയാൻ ഫയർ പ്ലാൻ തയ്യാറാക്കി അംഗീകാരം നേടി.
- വനമേഖലയെ ഏഴ് ബ്ലോക്കാക്കി തിരിച്ചാണ് കാട്ടുതീ പ്രതിരോധ പദ്ധതി.
രണ്ടുവർഷം വിജയകരം
കാട്ടുതീ തടയാൻ വനംവകുപ്പ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയ സംവിധാനം വിജയകരമെന്നാണ് വിലയിരുത്തൽ. ഇരുതാലൂക്കിലും കഴിഞ്ഞ വർഷവും ഈ വർഷവും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
-ജിയാസ് ജമാലുദീൻ ലബ്ബ, വനം റേഞ്ച് ഓഫീസർ, ഒറ്റപ്പാലം.