വൈപ്പിൻ ബസുകളുടെ നഗര പ്രവേശനം മൂന്നു മാസത്തിനകം: മന്ത്രി ആന്റണി രാജു നഗരത്തിലേക്ക് കെ. എസ് .ആർ. ടി. സി. ബസുകളുടെ ഫ്‌ളാഗ് ഓഫ്

Saturday 28 January 2023 1:10 AM IST
വൈപ്പിനിൽ നിന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ. എസ്. ആർ. ടി. സി. സർവ്വീസിന്റെ ഫ്‌ളാഗ് ഓഫ്ഗോശ്രീ ജംഗ്ഷനിൽ മന്ത്രി ആന്റണി രാജു നിർവ്വഹിക്കുന്നു

വൈപ്പിൻ: എറണാകുളം നഗരത്തിലേക്ക് വൈപ്പിനിലെ സ്വകാര്യ ബസുകളുടെ പ്രവേശനം മൂന്നു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വൈപ്പിൻ ബസുകളുടെ നഗര പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പുതിയ കെ. എസ്. ആർ. ടി.സി. സർവീസുകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈപ്പിനിൽ നിന്നും എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ. എസ്. ആർ. ടി. സി. സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സ്വകാര്യ ബസുകളുടെ പ്രവേശനം സാദ്ധ്യമാക്കാനായി നിയമ തടസങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുകയാണ്. നടപടി ക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കും. കുപ്രചരണങ്ങൾ വകവയ്ക്കാതെ സമയബന്ധിതമായി പൂർണ നിയമ പരിരക്ഷയോടെ നഗര പ്രവേശനം സാദ്ധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ മേഖലയിൽ 54 ട്രിപ്പുകൾ കെ. എസ്. ആർ. ടി. സി. നടത്തുന്നുണ്ട്. ഗോശ്രീ ജംഗ്ഷനിൽ നടന്ന ഫ്‌ളാഗ് ഓഫിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ബസുകളുടെ നഗരപ്രവേശമെന്ന ഗോശ്രീ പാലങ്ങൾ നിലവിൽ വന്ന മുതൽക്കുള്ള വൈപ്പിൻകരക്കാരുടെ 18 കൊല്ലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. നഗരത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വിധത്തിലാണ് ഗതാഗത വകുപ്പ് പുതിയ ബസുകൾ വിന്യസിച്ചിരിക്കുന്നത്. തീരദേശ ഹൈവേ, അഴീക്കോട് മുനമ്പം പാലം തുടങ്ങി തീരദേശ ജനതയ്ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടപടികൾ പുരോഗമിക്കുകയാണ് . വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, കെ. എസ്. ആർ. ടി. സി. മദ്ധ്യമേഖല എക്‌സി.ഡയറക്ടർ കെ. ടി. സെബി, ക്ലസ്റ്റർ ഓഫീസർ സാജൻ വി സ്‌കറിയ, റസിഡന്റ്‌സ് അസോസിയേഷനുകളുടെ ദേശീയ സമിതി സെക്രട്ടറി അജിത്ത്, റസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ മേൽസമിതി പ്രസിഡന്റ് രംഗനാഥ പ്രഭു എന്നിവർപങ്കെടുത്തു.