രക്ഷകരായി വിദ്യാർത്ഥികളും, രണ്ടു പേർക്ക് പരിക്ക്

Friday 27 January 2023 9:48 PM IST

കൈപ്പട്ടൂർ: തെക്കൻകുരിശ് ജംഗ്ഷനിലെ അപകടം നടന്നയുടൻ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികൾ മാതൃകയായി. കൈപ്പട്ടൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു വിഭാഗം വിദ്യാർത്ഥികൾ ലോറിയുടെ ക്യാബിനിൽ കുടുങ്ങിക്കിട‌ന്ന ഡ്രൈവർ പുനലൂർ സ്വദേശി അനിൽകുമാറിനെ (56) ഗ്ളാസ് പൊട്ടിച്ച് പുറത്തെത്തിച്ചു. ഇതിനിടെ, മറ്റൊരു വിഭാഗം ബസിന്റെ മുന്നിലെ ചില്ലുകൾ തകർത്ത് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെത്തിക്കാൻ സഹായിച്ചു. നാട്ടുകാരും ഫയർഫോഴ്സും ഒപ്പം ചേർന്നു.

രക്ഷാപ്രവർത്തനത്തിനിടെ വി.എച്ച്.എസ് വിദ്യാർത്ഥികളായ ജി. ദേവദത്ത്, എം.ഡി. ദേവദത്ത് എന്നിവരുടെ കൈവിരലുകൾ മുറിഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സ്കൂളിൽ ഇന്ന് തുടങ്ങാനിരിക്കുന്ന പ്രദർശന മേളയ്ക്കുള്ള ഒരുക്കങ്ങൾ കവാടത്തിനരികെ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭയനാകമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അപകടം കണ്ടതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.