ഭീകരശബ്ദം, നടുക്കംമാറാതെ നടരാജൻ

Friday 27 January 2023 9:53 PM IST

കൈപ്പട്ടൂർ: തെക്കൻകുരിശ് ജംഗ്ഷനിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സാക്ഷിയാണ് അവിടെ മുറുക്കാൻ കട നടത്തുന്ന നടരാജൻ. ഇന്നലെയുണ്ടായ അപകടത്തിന്റെ ഭീതി അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. കൺമുന്നിലായിരുന്നു സംഭവം. അമിത വേഗതയിൽ വളവ് തിരിഞ്ഞുവന്ന ലോറി ചരിഞ്ഞ് എതിരെ വന്ന ബസിലേക്ക് ഇടിച്ച ശേഷം മറിയുന്നു. ഇടിയുടെ ആഘാതത്തിൽ ബസും ഇടത്തേക്ക് മറിയുന്നു. '' ഭയങ്കര ശബ്ദവും നിലവിളികളും. രണ്ട് വാഹനങ്ങളും മറിഞ്ഞുകിടക്കുന്നു. ഇവിടെയുണ്ടായിരുന്നവർ എല്ലാവരും കൂടി ഒാടിച്ചെന്ന് ബസിന്റെ ഗ്ളാസ് പൊട്ടിച്ചു. കുറേപ്പേരെ പുറത്തെത്തിച്ചു. ലോറിയുടെ ഗ്ളാസ് പൊട്ടിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. രണ്ട് വാഹനങ്ങളുടെയും അടിയിൽ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന സംശയം എല്ലാവരെയും ഭയപ്പെടുത്തി. നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും ഫയർഫോഴ്സും ഏറെ നേരെ തെരച്ചിൽ നടത്തി. ആരുമില്ലെന്ന് ഉറപ്പായപ്പോഴാണ് ആശ്വാസമായത് ". നടരാജൻ പറഞ്ഞു.

ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. വേഗത നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ലെങ്കിൽ അപകടങ്ങൾ ഇനിയുമുണ്ടാകുമെന്ന് നാട്ടുകാർ ഒാർമ്മിപ്പിക്കുന്നു.