ബസിൽ കോൺക്രീറ്റ് മിശ്രിത ലോറിയിടിച്ചു. അപകടം 15 പേർക്ക് പരിക്ക്

Friday 27 January 2023 9:54 PM IST

കൈപ്പട്ടൂർ: കൈപ്പട്ടൂർ തെക്കൻ കുരിശ് ജംഗ്ഷനിലെ അപകട വളവിൽ കോൺക്രീറ്റ് മിശ്രിത ലോറി സ്വകാര്യ ബസിലിടിച്ച് 15പേർക്ക് പരിക്ക്. ബസിലെ യാത്രക്കാരിയായിരുന്ന ഇടത്തിട്ട സ്വദേശി പങ്കജാക്ഷി (72)യുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ 10.5നായിരുന്നു അപകടം. അടൂർ തട്ട ഭാഗത്തു നിന്ന് കാേൺക്രീറ്റ് മിശ്രിതം കയറ്റി വന്ന ലോറി തെക്കൻകുരിശ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് വളവ് തിരിഞ്ഞയുടൻ വലതുവശത്തേക്ക് ചരിയുകയായിരുന്നു. ഇൗ സമയം പത്തനംതിട്ട ഭാഗത്ത് നിന്നുവന്ന യൂണിയൻ ബസിന്റെ വലതുവശത്ത് ലോറി ഇടിച്ചു മറിയുകയായിരുന്നു. ബസ് ഇടതുവശത്തേക്ക് മറിഞ്ഞാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കൈപ്പട്ടൂർ വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ ഗേറ്റിന് മുന്നിലാണ് സംഭവം. വിദ്യാർത്ഥികളെല്ലാം സ്കൂളിൽ കയറിയതിനാൽ വലിയ ദുരന്തം ഒഴിവായി. സമീപത്ത് കടകളിലുണ്ടായിരുന്നവരും നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് ബസിലെ യാത്രക്കാരെയും ലോറിയിലെ ജീവനക്കാരെയും പുറത്തെത്തിച്ചു.

ലോറിയുടെ പ്ളേറ്റ് ഒടിഞ്ഞ് നിയന്ത്രണം വിട്ടാണ് അപകടമെന്ന് കരുതുന്നു. തെക്കൻ കുരിശിലെ വളവ് തിരിയുമ്പോൾതന്നെ ലോറി അമിത വേഗതയിൽ വലതുവശത്തേക്ക് ചരിയുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ലോറിയുടെ അപകട വരവ് കണ്ട് ബസ് ഡ്രൈവർ വേഗത കുറച്ച് നിറുത്താൻ ശ്രമിക്കുമ്പോഴായിരുന്ന അപകടം. മറിഞ്ഞ വാഹനങ്ങളിൽ ഡീസൽ ചോർച്ച ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് വെള്ളം തളിച്ചു. അപകടത്തെ തുടർന്ന് കൈപ്പട്ടൂർ - തെക്കൻകുരിശ് റോഡിൽ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.

പരിക്കേറ്റവർ: ഇടത്തിട്ട സ്വദേശി പങ്കജാക്ഷി (72), ബസ് ഡ്രൈവർ വിജീഷ് (34) ഇളമണ്ണൂർ, ലോറി ഡ്രൈവർ പുനലൂർ സ്വദേശി അനിൽകുമാർ (56), കണ്ടക്ടർ സതീഷ്‌കുമാർ(39) ഏഴംകുളം സ്വദേശി അനിൽകുമാർ (52 ) പുനലൂർ ദിപി( 33) റാന്നി സൂര്യ (30) തോന്ന്യാമല ബിന്ദു ( 44) സീതത്തോട് ശുഭചന്ദ്രൻ( 42)ഓമല്ലൂർ എലിസബത്ത് ജയിംസ്( 52) ചിറ്റാർ ഡെയ്‌സിതോമസ്( 43) മന്ദിരം മോളി സാമുവൽ (71)മണ്ണാറകുളഞ്ഞി, ഗീത(50) പറക്കോട്, മുംതാസ് ( 22) കുമ്പഴ , അനീഷ് (21) മക്കപ്പുഴ.