അപകട വളവിൽ വേഗ നിയന്ത്രണമില്ല, പരാതികളേറെ

Friday 27 January 2023 9:55 PM IST

കൈപ്പട്ടൂർ: കൈപ്പട്ടൂർ തെക്കൻ കുരിശിലെ അപകട വളവിനെക്കുറിച്ച് നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും ഇവിടെ വേഗ നിയന്ത്രണത്തിന് സംവിധാനമില്ല. ഇന്നലെ സംഭവസ്ഥലം സന്ദർശിച്ച ജില്ലാ കളക്ടറോടും നാട്ടുകാർ പരാതിപ്പെട്ടു. കൈപ്പട്ടൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് മുന്നിലാണ് അപകടം നടന്ന സ്ഥലവും തെക്കൻകുരിശ് ജംഗ്ഷനും. ഇൗ അദ്ധ്യയന വർഷം സ്കൂൾ തുറന്നപ്പോൾത്തന്നെ വളവിൽ വേഗ നിയന്ത്രണ സംവിധാനം വേണമെന്ന് സ്കൂൾ പി.ടി.എ കമ്മിറ്റി ജില്ലാ ഭരണകൂടത്തിനും പൊലീസിനും പരാതി നൽകിയിരുന്നതാണ്. എന്നാൽ, ഒരു പൊലീസുകാരനെപ്പോലും ഇവിടെ ഡ്യൂട്ടിക്കിട്ടില്ല. ട്രാഫിക് സിഗ്നൽ പോസ്റ്റുകളുണ്ടെങ്കിലും ഇന്നലത്തെ അപകടം സ്കൂളിലേക്ക് വിദ്യാർത്ഥികൾ കയറുന്ന സമയത്തായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് പി.ടി.എ കമ്മിറ്റിയംഗം ജി. പ്രകാശ് ആശങ്കപ്പെട്ടു. ജില്ലാ കളക്ടറോടും അദ്ദേഹം ഇക്കാര്യം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽ അപകടം നടന്നത് 10.05നാണ്. സ്ഥലത്ത് വേഗ നിയന്ത്രണത്തിന് സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും ഡ്രൈവർമാരുടെ കണ്ണിൽ പെടാത്ത ഉയരത്തിലാണ്. അത് പ്രവർത്തിക്കുന്നുമില്ല.

നേരത്തേ റോഡിൽ വേഗത നിയന്ത്രിക്കാൻ ബംപ് ഉണ്ടായിരുന്നു. ചന്ദനപ്പള്ളിയിൽ നിന്നും തട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൈപ്പട്ടൂർ റോഡിലേക്ക് കയറുന്നത് തെക്കൻ കുരിശ് ജംഗ്ഷനിലൂടെയാണ്. തട്ട ഭാഗത്ത് നിന്ന് വന്ന ലോറി വളവ് തിരിഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിന്റെ വലതുവശത്ത് ഇടിച്ചാണ് മറിഞ്ഞത്.

'' ജംഗ്ഷനിൽ വേഗ നിയന്ത്രണ സംവിധാനം വേണമെന്ന് പല തവണ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ കരുതിയെങ്കിലും അധികൃതർ ഉണരണം.

ജി. പ്രകാശ്, പി.ടി.എ കമ്മിറ്റിയംഗം