' പാർട്ടിയാണ് എന്നെ പ്രയോജനപ്പെടുത്തേണ്ടത് '

Saturday 28 January 2023 12:00 AM IST

പാർലമെന്റംഗമായ ഡോ.ശശി തരൂരിന്റെ കോൺഗ്രസിലെ ഭാവി എന്തായിരിക്കും ?കേരളകൗമുദിയോട് അദ്ദേഹം വിശദമായി സംസാരിച്ചു. പ്രസക്തഭാഗങ്ങളാണ് ചുവടെ. അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ ക്യു ആർ കോഡ് സ്കാൻ ചെയ്യുക

കോൺഗ്രസിലെ ചില നേതാക്കൾ പറയുന്നത് ശശി തരൂരിന് എന്തോ രഹസ്യ അജണ്ട ഉണ്ടെന്നാണ്. അല്ലെങ്കിൽ പാർട്ടിക്ക് വിധേയനാകാതെ പ്രവർത്തിക്കില്ലെന്നും അവർ പറയുന്നു. ശരിക്കും അങ്ങനെയൊന്നുണ്ടോ?

ഞാൻ ജീവിതത്തിൽ ഒന്നും ഒളിച്ച് ചെയ്തിട്ടില്ല. ഒളിച്ച് ജീവിച്ചിട്ട് കാര്യമില്ലെന്നാണ് എന്റെ വിശ്വാസം. എല്ലാ വിഷയത്തിലും എന്റെ നിലപാട് തുറന്ന് പറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ എനിക്കത് ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുണ്ട്. എന്റെ മനസിൽ വരുന്നത് ചിന്തിച്ചിട്ട് പറയും. ചിലപ്പോൾ ചില കാര്യങ്ങൾ പറയാതിരിക്കുകയാകും രാഷ്ട്രീയ ബുദ്ധിയിൽ നല്ലതെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഒളിച്ച് നടക്കുന്നയാളല്ല ഞാൻ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ പാർട്ടിയെ താങ്കൾ സജീവമാക്കിയെങ്കിലും താങ്കൾക്ക് ലഭിച്ച വലിയ പിന്തുണ നേതൃത്വത്തിലുള്ള ചിലരെയെങ്കിലും അമ്പരപ്പിച്ചോ?

ഞാൻ മത്സരിച്ചത് പാർട്ടിക്ക് ഗുണം ചെയ്തെന്നും പാർട്ടി ശക്തിപ്പെട്ടെന്നും തിരഞ്ഞെടുപ്പിനുശേഷം സോണിയ ഗാന്ധി എന്നോട് പറഞ്ഞിരുന്നു,

കേരളത്തിൽ സജീവമാകുന്നത് ചിലരെ അലോസരപ്പെടുത്തുന്നുണ്ടോ? ശശി തരൂരിനെ ശരിക്കും ആർക്കാണ് പേടി?

എനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് ശരിക്കും എന്താണ് ആവശ്യം? ജനപിന്തുണയല്ലേ. ഒരു തിരഞ്ഞെടുപ്പ് ജയിക്കാൻ ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ആ പിന്തുണ കൊണ്ടുവരുന്ന സ്ഥാനാർത്ഥി നമുക്കുണ്ടെങ്കിൽ അദ്ദേഹത്തെ നമ്മൾ ഉപയോഗിക്കേണ്ടേ. അതിനെ പാർട്ടി ഉപയോഗിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്. അത് ഉപയോഗിക്കുന്നുണ്ടോ എന്ന് പാർട്ടിക്ക് തന്നെയേ പറയാൻ പറ്റൂ.

താങ്കൾ ഒരു ആഗോള നേതാവായിരുന്നാൽ മതി

കേരളത്തിലേക്ക് വരേണ്ട എന്ന കാഴ്ചപ്പാട് പാർട്ടിക്കുള്ളിൽ ചിലർക്കുണ്ടോ?

കേരളം എന്തായാലും എന്റെ കർമ്മഭൂമിയാണ്. ഞാൻ മൂന്നു തവണ മത്സരിച്ചാണല്ലോ എം.പിയായത്. അപ്പോൾ ഞാനെങ്ങനെ കേരളത്തിന്റെ ഒരു കാര്യത്തിൽ പങ്കെടുക്കാൻ പോകില്ലെന്ന് പറയും?

മത്സരത്തിനുശേഷം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. കേരള നേതൃത്വത്തിൽ പലർക്കും താങ്കൾ അവരുടെ അവസരം നഷ്ടപ്പെടുത്തുമെന്ന പേടിയുമുണ്ട്. താങ്കൾ കോൺഗ്രസിൽ ഇപ്പോൾ എവിടെയാണ്?

ഇപ്പോഴത്തെ സ്ഥിതിക്ക് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷൻ എന്നതു മാത്രമാണ് എന്റെ സ്ഥാനം. നിലവിൽ ഞാൻ എംപിയാണ്, ഒരു പാർലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷനുമാണ്. എന്നെ ഏല്‌പിക്കുന്ന ഏതൊരു കാര്യവും ആത്മാർത്ഥതയോടെ ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്.

ഫെബ്രുവരിയിൽ പാർട്ടി പ്ളീനറി സമ്മേളനം നടക്കും.താങ്കൾ പ്രവർത്തകസമിതിയിലേക്ക് മത്സരിക്കുമോ? അതോ അവർ താങ്കളെ നോമിനേറ്റ് ചെയ്യുമെന്ന പ്രതീക്ഷയുണ്ടോ?

അതേക്കുറിച്ച് 100 ശതമാനം ഞാൻ തീരുമാനമെടുത്തിട്ടില്ല. ആലോചിക്കുമ്പോൾ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഞാനെന്തായാലും അദ്ധ്യക്ഷസ്ഥാനത്ത് മത്സരിച്ചതാണ്. വേറെ ആൾക്കാർക്ക് അവസരം വിട്ടുകൊടുക്കുക എന്നതല്ലേ ബുദ്ധി. അവർക്ക് വേണമെന്നുണ്ടെങ്കിൽ നോമിനേറ്റ് ചെയ്യാമല്ലോ.

ജനകീയ മുഖങ്ങൾ പാർട്ടിയിൽ വളരെ കുറവുള്ള കാലഘട്ടത്തിൽ താങ്കളെപ്പോലെ ഏത് പൊസിഷനിലും കൊണ്ടുവയ്ക്കാൻ പറ്റുന്ന ഒരു മുഖത്തെ എന്തിനായിരിക്കും മാറ്റിനിറുത്തുന്നത്?

അതും എന്നോടല്ല ചോദിക്കേണ്ടത്.. എന്തുകൊണ്ടാണ് പേടിയെന്നു ചോദിച്ചില്ലേ... ഞാൻ ആരെയും ആക്ഷേപിച്ചിട്ടില്ല, ആരെയും ഭയപ്പെടുത്തുന്ന ആളുമല്ല. ഞാനൊരു ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല, കേരളത്തിലുമില്ല ഡൽഹിയിലുമില്ല. ഏത് കാര്യത്തിലും ഞാൻ പാർട്ടിക്കുവേണ്ടി സംസാരിക്കാൻ തയ്യാറാണ്. പാർട്ടി ആവശ്യപ്പെട്ടതൊക്കെ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോൾ പാർട്ടി നിങ്ങളുടെ സേവനം ആവശ്യമില്ലെന്ന് പറഞ്ഞാൽ അതിനെയും സ്വീകരിക്കും.

പാർട്ടിയിലെ തന്നെ ബഹുഭൂരിപക്ഷം ആൾക്കാർ താങ്കൾ മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിച്ചാൽ അത് തെറ്റാണെെന്ന് പറയാൻ പറ്റുമോ?

തെറ്റാണെന്ന് ഞാൻ എങ്ങനെ പറയും?ജനങ്ങൾക്ക് അവരുടെ സ്വന്തം താത്‌പര്യങ്ങൾ ഉണ്ടാകുമല്ലോ. ഇപ്പോഴത്തെ സ്ഥിതിയിൽ വേക്കൻസി ഇല്ലാത്ത പോസ്റ്റാണത്. ഇപ്പോൾ അതിനെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ല.

താങ്കളുടെ കടന്നുവരവ് പലരുടെയും മുഖ്യമന്ത്രി മോഹത്തിന് മേൽ ഇടിത്തീയായി മാറിയോ?

പാർട്ടിയല്ലേ ഇതൊക്കെ തീരുമാനിക്കുന്നത് ചില കാര്യങ്ങളിൽ പാർട്ടി അവസാന നിമിഷത്തിൽ മാത്രമേ തീരുമാനമെടുക്കു. നല്ലതാണോ നല്ലതല്ലേ എന്നുള്ളത് പാർട്ടിക്ക് മാത്രമേ അറിയൂ. എന്റെ അഭിപ്രായത്തിൽ നമ്മൾ കുറച്ചുകൂടി നേരത്തെ ജനങ്ങളിലേക്ക് ഒരു ക്ലിയർ സൈൻ നൽകിയാൽ, ഇതായിരിക്കും നമ്മുടെ മുഖമെന്ന് ചൂണ്ടിക്കാണിച്ചാൽ അത് ഗുണം ചെയ്യുമെന്നാണ്. ഇപ്പോൾ രാജ്യം മുഴുവൻ വ്യക്തിത്വം നോക്കി വോട്ട് ചെയ്യുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്.

ഒളിഞ്ഞും തെളിഞ്ഞും താങ്കളെ വിമർശിക്കുന്നവർ പോലും താങ്കളൊരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് പറയുന്നുണ്ട്, എന്തുകൊണ്ടായിരിക്കും?

ബി.ജെ.പി നയങ്ങളിൽ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒരൊറ്റ കാര്യം മതേതര വിഷയങ്ങളിലെ അവരുടെ സമീപനമാണ്. ഞാൻ ‌41 വർഷമായി പുസ്തകമെഴുതുന്ന വ്യക്തിയാണ്. എന്റെ പുസ്തകങ്ങളെല്ലാം ഭാരതത്തിന്റെ ബഹുസ്വരതയിൽ ശ്രദ്ധവയ്ക്കുന്നതാണ്. ചില വിഷയങ്ങളിലൊക്കെ എനിക്ക് അവരുമായി ഒരേ അഭിപ്രായമായിരിക്കാം. ഉദാഹരണത്തിന് ചില വിദേശകാര്യങ്ങളിൽ, ചില നാഷണൽ സെക്യൂരിറ്റി വിഷയങ്ങളിൽ, ചൈനയ്ക്കെതിരെ എടുക്കുന്ന നിലപാടുകളിൽ. ഇങ്ങനെ ബി.ജെ.പിയെ അനുകൂലിച്ചില്ലെങ്കിലും എതിർക്കാൻ തോന്നാത്ത ചില വിഷയങ്ങളുണ്ടാകും. പക്ഷേ മതേതര നിലപാടിന്റെ കാര്യത്തിൽ അവരെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

പുസ്തകങ്ങളാണോ താങ്കൾക്ക് ബി.ജെ.പിയിലേക്ക് പോകാനുള്ള തടസം?

എന്റെ വിശ്വാസങ്ങളല്ലേ എന്റെ പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നത്.

അപ്പോൾ ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ല?

അവരുടെ നയങ്ങൾ മാറ്റാതെ എനിക്ക് പോകാൻ സാധിക്കില്ല.

എനിക്ക് ചില പ്രിൻസിപ്പിൾസുണ്ട്. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കുന്നത് ഭാരതത്തിനെ കുറച്ചുകൂടി മെച്ചപ്പെടുത്താനാണ്. ഹൗ ടു മെയ്ക്ക് എ ബെറ്റർ ഇന്ത്യ. ആ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകണം. ഒരു പാർട്ടിയെന്ന് പറഞ്ഞാൽ അതിനുള്ള വാഹനമാണ്. നമ്മൾ മൂല്യങ്ങളെ ചതിക്കാതെയാണ് രാഷ്ട്രീയം ചെയ്യേണ്ടത്.

അടുത്ത ടേമിൽ തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കാമോ ?

ഞാൻ വീണ്ടും വരാൻ ആവശ്യമുണ്ടെങ്കിൽ, പാർട്ടിക്കും അതുപോലെ തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ വരും. ഞാനൊരു തീരുമാനവും എടുത്തിട്ടില്ല.

ശരിക്കും ആരാണ് ശശി തരൂർ ? പാവമാണോ ?

അത് നിങ്ങൾ തീരുമാനിക്കണം. എന്റെ സഹോദരിമാർ പറയുന്നു വലിയൊരു പാവമാണെന്ന്. പാർട്ടിക്കാർ പറയുന്നു ഇയാൾ രാഷ്ട്രീയക്കാരൻ കൂടിയല്ലായെന്ന്. അപ്പോൾ ഇനി എല്ലാരും കൂടി തീരുമാനിക്കട്ടെ ഞാൻ ആരാണെന്ന്. ഞാൻ ഒരു മനുഷ്യനാണ്. ലോകത്ത് കാണുന്നതിനെക്കുറിച്ച് എനിക്കൊരു പ്രതികരണമുണ്ട് , ചില അഭിപ്രായങ്ങൾ ഞാൻ എന്റെ എഴുത്തിൽ കാണിക്കും. ഒരു എഴുത്തുകാരനായി അറിയപ്പെടണമെന്നുണ്ട്. എപ്പോഴും ഞാൻ പറയും ഞാനൊരു മുൻ മന്ത്രിയാണ് . ഒരു ദിവസം ഒരു മുൻ എംപി ആകും. പക്ഷേ ഒരിക്കലും ഒരു മുൻ എഴുത്തുകാരനായിരുന്നു എന്നാരും പറയില്ല. എല്ലാ രാഷ്ട്രീയക്കാരെയും പോലെ മരിക്കുന്ന ദിവസം വരെ രാഷ്ട്രീയത്തിൽ നിൽക്കണമെന്ന് നിർബന്ധമുള്ള വ്യക്തിയല്ല ഞാൻ. വൈകിയാണ് രാഷ്ട്രീയത്തിൽ വന്നത്, ഒരുപക്ഷേ ഞാൻ വൈകുന്നതുവരെ അവിടെ ഇരിക്കില്ല. പക്ഷേ ഉള്ളസമയത്ത് എന്ത് ചെയ്താലും 100ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. അത് ഞാൻ ചെയ്യും. ഇനി എന്താണ് ഭാവിയിൽ വരേണ്ടതെന്ന് ഞാൻ ഒറ്റയ്ക്കല്ല തീരുമാനിക്കാൻ പോകുന്നത്. പക്ഷേ വെല്ലുവിളികളിൽനിന്ന് ഓടി പോകുന്ന വ്യക്തിയല്ല ഞാൻ.

വിശ്വപൗരനാണോ അതോ തറവാടി നായരോ ?

ഭാരതീയ പൗരനാണ്. എന്റെ ജോലിയും പ്രവർത്തനവും എന്നെ ലോകം മുഴുവൻ കൊണ്ടുപോയി. പ്രത്യേകിച്ച് ഐക്യരാഷ്ട്ര സഭയിൽ പ്രവർത്തിച്ചപ്പോൾ ഞാൻ ലോകം മുഴുവൻ കണ്ടിട്ടുണ്ട്. പക്ഷേ ഞാനൊരു കണ്ണാടി നോക്കുമ്പോൾ കാണുന്നത് എന്നിലെ ഭാരതീയ പൗരനെയാണ്.