ഗൃഹാതുരത്വ വർത്തമാനങ്ങളുടെ കലാവിഷ്കാരം
Saturday 28 January 2023 1:23 AM IST
കൊച്ചി: പരിസരങ്ങളുടെ കാലാനുസൃത മാറ്റങ്ങൾ ആസ്പദമാക്കിയ ജീവിതവർത്തമാനങ്ങളാണ് കൊച്ചി ബിനാലെയിൽ ഇ.എൻ. ശാന്തി എന്ന മലയാളി ചിത്രകാരിയുടെ കലാവിഷ്‌കാരങ്ങൾ.
നാഗങ്ങളെ കുടിയിരുത്തിയ കാവും പാലമരവും ഒക്കെ ഈ ഇരിങ്ങാലക്കുടക്കാരിയുടെ വർണ ചിത്രങ്ങളിൽ ജീവനോടെ നിറയുന്നു. കുടുംബവീടും ബാല്യകാല സ്മരണകളും പഴമയിൽ നിന്നു പുതുമയിലേക്ക് ചേക്കേറിയ കാവും നിറങ്ങളിൽ ഭാവത്തികവ് പകർന്ന രണ്ട് പരമ്പരകളായാണ് ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ ഒരുക്കിയിരിക്കുന്നത്.
ആചാരാനുഷ്ഠാനങ്ങളിൽ മൂടപ്പെട്ട കാവ് പെൺകുട്ടികൾക്ക് വിലക്കപ്പെട്ടതായിരുന്നു. കേട്ടറിഞ്ഞ ആ വിലക്കുകൾക്കാണ് ആഖ്യാനം നൽകിയത്.
പോസ്റ്റ് കളർ, ആക്രിലിക്, വാട്ടർ കളർ എന്നിവയിലാണ് ദശകത്തിലേറെയായി തൃശൂർ ജവഹർ ബാലഭവനിലെ കലാദ്ധ്യാപികയായ ശാന്തി ചിത്രങ്ങളൊരുക്കിയത്.