വൃദ്ധയുടെ ഭൂമി തട്ടിയെടുത്തെന്ന പരാതി സി.പി.എം കൗൺസിലർ സസ്പെൻഷനിൽ

Saturday 28 January 2023 12:51 AM IST

തിരുവനന്തപുരം: തെറ്റുതിരുത്തൽ നടപടിയുടെ ഭാഗമായി ശുദ്ധീകരണപ്രക്രിയ തുടരുന്ന സി.പി.എം, തലസ്ഥാന ജില്ലയിൽ വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും സ്വർണ്ണവും പണവും തട്ടിയെന്ന പരാതിയിൽ മുനിസിപ്പൽ കൗൺസിലറും പാർട്ടി ഏരിയാ കമ്മിറ്റിയംഗവുമായ സുജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നെയ്യാറ്റിൻകര മുനിസിപ്പൽ കൗൺസിലറായ സുജിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ഏരിയാ കമ്മിറ്റിയോഗമാണ് കൈക്കൊണ്ടത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന നെയ്യാറ്റിൻകര മരുത്തൂർ മൂടുവീട്ടുവിളാകം ബേബി നിവാസിൽ 78 വയസ്സുള്ള ബേബിയെ കബളിപ്പിച്ച് സുജിനും ഭാര്യ ഗീതുവും ചേർന്ന് 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തെന്നാണ് പരാതി. കൊവിഡ് കാലത്താണ് തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നു. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തെ തുടർന്ന് നെയ്യാറ്റിൻകര തവരവിളയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അവിവാഹിതയായ ബേബി. സുജിൻ പ്രതിനിധീകരിക്കുന്ന വാർഡിലെ അംഗമായ ബേബിക്ക് ലോക്ക്ഡൗൺ സമയത്ത് സുജിനാണ് ഭക്ഷണമെത്തിച്ച് നൽകിയിരുന്നത്. പെട്ടെന്ന് അവരുമായി അടുക്കുകയും 2021 ഫെബ്രുവരി മുതൽ കൗൺസിലറും കുടുംബവും ബേബിയുടെ വീട്ടിൽ താമസമാക്കുകയും ചെയ്തു. ആ കാലയളവിലാണ് 17 പവൻ സ്വർണ്ണം കവർന്നതെന്ന് പൊലീസ് വ്യക്തമാക്കി.

സ്വർണ്ണം പണയം വച്ച രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എട്ട് മാസത്തിന് ശേഷം സുജിനും കുടുംബവും അവിടെ നിന്ന് താമസം മാറ്റി. ബേബിയുടെ വീട്ടിൽ താമസിച്ച കാലയളവിലാണ് ഭൂമി ഭാര്യയുടെ പേരിൽ എഴുതി വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. വിലയാധാരമായിട്ടാണ് ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്. സംഭവത്തിൽ മാരായമുട്ടം പൊലീസാണ് കേസെടുത്തത്. സുജിനും ഭാര്യ ഗീതുവും ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

Advertisement
Advertisement