പരപ്പനങ്ങാടിക്കു അഭിമാനമായി മൂന്ന് രാജ്യ സുരക്ഷാ തലവന്മാർ 

Saturday 28 January 2023 12:55 AM IST
കാമണ്ടൻറ് എം ശശീന്ദ്രൻ

പരപ്പനങ്ങാടി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു രാഷ്ട്രപതിയുടെ സൈനിക പുരസ്‌കാരങ്ങൾക്ക് അർഹരായവരിൽ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ പരപ്പനങ്ങാടി നെടുവ സ്വദേശികൾ. നെടുവ കൊടപ്പാളി സ്വദേശിയായ മേജർ ജനറൽ കെ.നാരായണൻ ,നെടുവ കോവിലകം റോഡ് സ്വദേശി ലെഫ്‌നന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ, കൊടപ്പാളി സ്വദേശി ആസാം റൈഫിൾസ് കമാണ്ടന്റ് എം.ശശീന്ദ്രൻ എന്നിവരാണ് പരപ്പനങ്ങാടിക്ക് അഭിമാന നേട്ടമായി ഉയർന്നത്. നെടുവ കോവിലകം റോഡ് ചോനാംകണ്ടത്തിൽ ലീലയുടെയും പന്തീരംകാവ് മുത്തുവാനത്തറ മകീര്യത്തിൽ ചന്ദ്രൻ നായരുടെയും മകനായ പ്രദീപ് ചന്ദ്രൻ നായർ രാഷ്ട്രപതിയുടെ പരം വിശിഷ്ഠ സേവാ മെഡലിനാണ് അർഹനായത്. ചെട്ടിപ്പടി കൊടപ്പാളി സ്വദേശിയായ വി.എസ്.കൃഷ്ണന്റെയും വസന്തയുടെയും മകനായ മേജർ ജനറൽ കെ.നാരായണൻ രാഷ്ട്രപതിയുടെ അതിവിശിഷ്ഠ സേവാ മെഡലിനാണ് അർഹനായത്. ചെട്ടിപ്പടി കൊടപ്പാളി സ്വദേശി തന്നെയായ മാറ്റത്താട്ടിൽ വാസുവിന്റെയും സുശീലയുടെയും മകനായ ആസാം റൈഫിൾസ് കമാണ്ടന്റ് എം.ശശീന്ദ്രൻ രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡലിനും ആണ് അർഹനായത് . മേജർ ജനറൽ കെ നാരായണൻ ഇത് രണ്ടാം തവണയാണ് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനാകുന്നത്. 2021ൽ ആയിരുന്നു ആദ്യത്തെ ബഹുമതി. 2021ൽ പ്രതിരോധ വകുപ്പിൽ ആദ്യമായി രണ്ടു സൈനിക ഉദ്യോഗസ്ഥരെ ജോയിന്റ് സെക്രട്ടറിയാക്കിയതിൽ ഒരാൾ ഇദ്ദേഹമായിരുന്നു. മറാത്താ ലൈറ്റ് ഇൻഫെന്ററി റെജിമെന്റിന്റെ നായകനായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019 ൽ സേന മെഡലിനും അർഹനായ മേജർ ജനറൽ നാരായണൻ ഈ അടുത്ത കാലത്തായി ലഡാക്കിൽ നടന്ന സൈനിക വാഹന അപകടത്തിൽ വീരമൃത്യ വരിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലിന്റെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിനും കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നതിനായി രണ്ടു ഉദ്യോഗസ്ഥരെ നാട്ടിലേക്കു പറഞ്ഞയക്കുകയും ചെയ്തിരുന്നു . ആസാം റൈഫിൾസ് മേധാവി ലെഫ്‌നന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഇതിനു മുമ്പും അതിവിശിഷ്ട സേവാ മെഡലും യുദ്ധ സേവാ മെഡലും നേടിയിട്ടുണ്ട്. ആർമി റിക്രൂട്ട്മെന്റ് ബോർഡ് ഡയറക്ടർ ജനറലായ ശേഷമാണു ഇദ്ദേഹം ആസാം റൈഫിൾസിന്റെ തലവനായത്. ആസാം റൈഫിൾസിന്റെ ഷില്ലോംഗ് ഹെഡ് കോർട്ടറിലാണ് കാമണ്ടന്റ് എം.ശശിധരന്റെ സേവനം. 2006ൽ ധീരതയ്ക്കും 2010ൽ ശ്രേഷ്ടസേവനത്തിനും അടക്കം ൃപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.