എസ്.എസ്.എൽ.സി പരീക്ഷ: സോഷ്യൽ സയൻസിൽ ക്രമീകരണങ്ങൾ

Saturday 28 January 2023 12:57 AM IST

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്.എസ്. എൽ.സി പരീക്ഷയ്ക്ക് സോഷ്യൽ സയൻസിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് 40 വീതം മാർക്കിന്റെ എ,ബി എന്നീ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. 'എ' വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതണം. 'ബി' വിഭാഗത്തിൽ നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതാം. മുൻപും സോഷ്യൽ സയൻസിൽ ഇത്തരത്തിൽ പാഠഭാഗ ലഘൂകരണം നടന്നിട്ടുണ്ട്.

പഠനത്തിനായി പാഠപുസ്തകവും രണ്ടായി തരംതിരിച്ചിട്ടുണ്ട്. പാർട്ട് 'എ' യിലും പാർട്ട് ബിയിലും 40 മാർക്കിന്റെ വീതം സ്കോറാണുള്ളത്. നിർബന്ധമായും പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് 'എ'യിൽ.

ചരിത്രത്തിൽ നിന്ന് സമരവും സ്വാതന്ത്ര്യവും, സംസ്‌കാരവും ദേശീയതയും, കേരളം ആധുനികതയിലേക്ക്, രാഷ്ട്രതന്ത്ര ശാസ്ത്രത്തിലെ പൗരബോധം, സമൂഹശാസ്ത്രത്തിലെ സമൂഹശാസ്ത്രം എന്ത്? എന്തിന്? എന്നിവയാണ് പാർട്ട് എയിൽ. തിരഞ്ഞെടുത്ത് പഠിക്കേണ്ട പാർട്ട് ബിയിൽ, ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ അല്ലെങ്കിൽ ലോകം ഇരുപതാം നൂറ്റാണ്ടിൽ, പൊതുഭരണം അല്ലെങ്കിൽ രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും, ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും അല്ലെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവയാണ് സാമൂഹ്യശാസ്ത്രം ഒന്നിലുള്ളത്. സാമൂഹ്യശാസ്ത്രം രണ്ട് പാർട്ട് എയിൽ പൊതു ചെലവും പൊതുവരുമാനവും, വൈവിദ്ധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ- സാമ്പത്തിക ഭൂമിശാസ്ത്രം, ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും എന്നിവയും പാർട്ട് ബിയിൽ ഋതുഭേദങ്ങളും സമയവും അല്ലെങ്കിൽ കാറ്റിന്റെ ഉറവിടം തേടി, ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും അല്ലെങ്കിൽ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ, മാനവവിഭവശേഷി വികസനം ഇന്ത്യയിൽ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും എന്നിവയുമുണ്ട്. പഠനത്തിനായി നിർദ്ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് ആറ് അദ്ധ്യായങ്ങൾ ഒഴിവാക്കി പരീക്ഷാതയാറെടുപ്പ് നടത്താൻ കുട്ടികൾക്ക് കഴിയും. വിശദാംശങ്ങൾ www.scertkerala.gov.inൽ.