വില്ലേജ് ഓഫീസുകളിൽ വാർഷിക കണക്കെടുപ്പ് വീണ്ടും തുടങ്ങും

Saturday 28 January 2023 12:00 AM IST

തിരുവനന്തപുരം: മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന വില്ലേജ് ഓഫീസുകളിലെ വാർഷിക പരിശോധന (ജമാബന്തി പരിശോധന) പുനഃരാരംഭിക്കാൻ റവന്യുവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജമാബന്തി പരിശോധന കൃത്യമായി നടക്കാത്തത് വകുപ്പിൽ ക്രമക്കേടുകൾക്ക് കളമൊരുക്കുന്നതായി കത്തിൽ വ്യക്തമാക്കുന്നു. ഇത് പരിഹരിക്കാൻ സർക്കാർ നൽകിയ നിർദ്ദേശങ്ങൾ പല കളക്ടർമാരും നടപ്പാക്കിയില്ല.

പരിശോധനയുടെ പുരോഗതി കണക്കിലെടുത്താവും കളക്‌ടർമാരുടെ സേവന പുരോഗതി വിലയിരുത്തുകയെന്നും കത്തിൽ പറയുന്നു. ഓരോവർഷവും തൊട്ടു മുൻവർഷത്തെ കണക്കാണ് പരിശോധിക്കുക. കൊവിഡ് കാരണം 2019 മുതൽ പരിശോധന നടന്നില്ല. 2022 നവംബറിലെ റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട, വയനാട് ഒഴികെയുള്ള ജില്ലകളിൽ ലാൻഡ് റവന്യു വിഭാഗത്തിന്റെ പ്രവർത്തനം പരിതാപകരമായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടത്.

ഭൂനികുതി, കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, വസ്തു പോക്കുവരവ്, കുത്തകപ്പാട്ടം തുടങ്ങി 12 ഇനങ്ങളിലാണ് വില്ലേജ് ഓഫീസുകളിലെ വരുമാനം. ഈ തുക സർക്കാരിലേക്ക് കൃത്യമായി അടയ്ക്കുന്നുണ്ടോ, ഭൂനികുതി അടക്കം കുടിശിക ഇല്ലാതെ പിരിക്കുന്നുണ്ടോ എന്ന് ജമാബന്തി പരിശോധനയിൽ വ്യക്തമാവും. ഭൂമി രജിസ്റ്ററുകൾ, പുറമ്പോക്ക് രേഖകൾ, ഓഫീസ് ഫർണിച്ചർ തുടങ്ങി എല്ലാം ഈ പരിശോധനയിൽ ഉൾപ്പെടും.

കളക്ടറോ, കളക്ടർ അധികാരപ്പെടുത്തുന്ന ആർ.ഡി.ഒ / ഡെപ്യൂട്ടി കളക്ടർ ആണ് പരിശോധന നടത്തേണ്ടത്. ഇതിന് മുന്നോടിയായി താലൂക്ക് തല ഇൻസ്‌പെക്‌ഷൻ ടീം വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കും. ഇതിൽ കണ്ടെത്തുന്ന ന്യൂനതകൾ പരിഹരിക്കാൻ കളക്ടർമാർ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകും. ഏപ്രിൽ കഴിഞ്ഞുള്ള ഏതുമാസവും മുൻകൂട്ടി നിശ്ചയിച്ചാവും പരിശോധന.

ജമാബന്തി

മുതൽ നിർണയം എന്നാണ് വാക്കിന്റെ അർത്ഥം. ലാൻഡ് റവന്യുവകുപ്പിൽ വില്ലേജ് തലത്തിലുള്ള വാർഷിക കണക്കെടുപ്പ്. അക്കൗണ്ടുകളും രജിസ്റ്ററുകളും കാലികമായ ഉത്തരവുകൾ പ്രകാരം തിട്ടപ്പെടുത്തും. വിവിധ അക്കൗണ്ടുകളിലായി വില്ലേജ് ഓഫീസുകളിൽ കിട്ടുന്ന പണത്തിന്റെയും ഖജനാവിലേക്ക് ഒടുക്കുന്ന പണത്തിന്റെയും മറ്റു രജിസ്റ്ററുകളുടെയും കണക്കെടുക്കും.