രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന ചെയ്തികൾക്കെതിരെ പോരാടണം: മന്ത്രി കൃഷ്ണൻ കുട്ടി

Saturday 28 January 2023 12:01 AM IST
റി​പ്പ​ബ്ലി​ക് ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മ​ല​പ്പു​റം​ ​എം.​എ​സ്.​പി​ ​മൈ​താ​ന​ത്ത് ​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​അ​ഭി​വാ​ദ്യം​ ​സ്വീ​ക​രി​ക്കു​ന്നു.

മലപ്പുറം: രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന ചെയ്തികൾക്കെതിരെ പോരാടണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാർത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാദ്ധ്യമാക്കാൻ ഓരോരുത്തരും പ്രവർത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതീവ ദുർബല വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. ഈ വിഭാഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കുടുംബശ്രീയുമായും തദ്ദേശ സർക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികൾ ആവിഷ്‌കരിച്ച് വരികയാണ്. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ മന്ത്രി പുഷ്പ ചക്രം അർപ്പിച്ചതോടെയാണ് ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാൻഡന്റ് പി.എ.കുഞ്ഞുമോൻ പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇൻസ്‌പെക്ടർ പി.ബാബു സെക്കൻഡ് ഇൻ കമാൻഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസർവ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയൽ ഫോഴ്സ്, എൻ.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിഭാഗങ്ങളിലായി 32 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്ത പ്രഭാഭേരിയും നടന്നു.