വി.സിമാരുടെ ഹർജി: ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിൽ

Saturday 28 January 2023 12:02 AM IST

കൊച്ചി: ചാൻസലർ കൂടിയായ ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ വിവിധ സർവകലാശാല വി.സിമാർ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്‌ചകഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചിരുന്ന ഹർജികൾ ജഡ്‌ജിമാരുടെ പരിഗണനാവിഷയം മാറിയതിനെത്തുടർന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഇനി പരിഗണിക്കുക. കക്ഷികൾ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വി.സി സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ നോട്ടീസ് നൽകിയതിനെതിരെ കേരള, എം.ജി, കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ്, മലയാളം, കുഫോസ് സർവകലാശാലകളുടെയും കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സിമാരാണ് ഹർജി നൽകിയത്. ഇവരിൽ കേരള സർവകലാശാല വി.സിയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഫോസ് സർവകലാശാല വി.സിയുടെ നിയമനം മറ്റൊരു ഹർജിയിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നു. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സമാനസാഹചര്യത്തിൽ നിയമിതരായ മറ്റു വി.സിമാർക്ക് ഗവർണർ നോട്ടീസ് നൽകിയത്.