ജഡ്‌ജിമാർക്കെന്ന പേരിൽ 77 ലക്ഷം: പ്രാഥമിക റിപ്പോർട്ട് ഇന്ന് നൽകും

Saturday 28 January 2023 1:18 AM IST

കൊച്ചി: ജഡ്‌ജിമാർക്കെന്ന പേരിൽ അഭിഭാഷകൻ കക്ഷികളിൽ നിന്ന് 77ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡി.ജി.പി അനിൽകാന്തിന് കൈമാറും.

ഇ-മെയിലിലോ പൊലീസ് ഉദ്യോഗസ്ഥൻ മുഖേനയോ റിപ്പോർട്ട് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുമായ കെ. സേതുരാമൻ 'കേരളകൗമുദിയോട്' പറഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും എഫ്.ഐ.ആർ രേഖപ്പെടുത്തി അന്വേഷണം വിപുലപ്പെടുത്തുന്നതടക്കം തീരുമാനിക്കൂ.

മൂന്ന് ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമ്മാതാവിൽ നിന്നടക്കം അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ 77 ലക്ഷം രൂപ വാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയതോടെയാണ് പ്രാഥമികാന്വേഷണം പൊലീസ് ആരംഭിച്ചത്. സഹ അഭിഭാഷകരുടെ മൊഴി ആദ്യം രേഖപ്പെടുത്തി. വിദേശത്തായിരുന്ന നിർമ്മാതാവ് കൊച്ചിയിലെത്തി മൊഴിനൽകി. ബുധനാഴ്ച അഭിഭാഷകനെ ചോദ്യംചെയ്തു. താൻ വാങ്ങിയത് അഭിഭാഷക ഫീസാണെന്ന്‌ ഹൈക്കോടതി വിജിലൻസിന്‌ നൽകിയ മൊഴിയാണ്‌ പൊലീസിനോടും സൈബി ആവർത്തിച്ചത്‌.

ജഡ്‌ജിമാർക്ക് നൽകാനായി അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽനിന്ന് വൻതുകകൾ വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നും അഭിഭാഷകരുടെ മൊഴിയുണ്ടെന്നും വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്. സൈബിക്കെതിരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നൽകിയ പരാതിയിൽ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തി ഡിസംബറിലാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ട് നൽകിയത്.

ജസ്റ്റിസ് കുഞ്ഞികൃഷ്‌ണനെന്നു പറഞ്ഞ് 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിനെന്ന പേരിൽ രണ്ടുലക്ഷവും ജസ്റ്റിസ് സിയാദ് റഹ്‌മാനെന്ന പേരിൽ 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് നാല് അഭിഭാഷകർ മൊഴിനൽകിയിട്ടുണ്ട്.