ടൂൺസ് അനിമേഷൻ സ്ഥാപകൻ ബിൽ ഡെന്നീസ് നിര്യാതനായി
തിരുവനന്തപുരം: തലസ്ഥാനത്തെ ടൂൺസ് അനിമേഷൻ സ്റ്റുഡിയോ സ്ഥാപകരിലൊരാളും ആദ്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായിരുന്ന ബിൽ ഡെന്നീസ് (80) നിര്യാതനായി. വാഷിംഗ് ടണിലെ യൂട്ടായിലെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അന്ത്യം. 1999ൽ ജി.എ മേനോനുമായി ചേർന്നാണ് ടൂൺസ് അനിമേഷൻ സ്റ്റുഡിയോ സ്ഥാപിച്ചത്. വാൾട്ട് ഡിസ്‌നി സ്റ്റുഡിയോയിൽ 20 വർഷത്തോളം പ്രവർത്തിച്ചശേഷമായിരുന്നു ഇത്.
അസോസിയേഷൻ ഒഫ് ഇന്റർനാഷണൽ ഫിലിം അനിമേറ്റേഴ്‌സ്(ആസിഫ) എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആസിഫ ഇന്ത്യാ ചാപ്റ്റർ സ്ഥാപിച്ചതും ഇദ്ദേഹമാണ്. ബിൽ ഡെന്നീസിന്റെ വിയോഗത്തിൽ ടൂൺസ് അനിമേഷൻ സി.ഇ.ഒ പി.ജയകുമാർ അനുശോചിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അർപ്പണമനോഭാവവുമാണ് തിരുവനന്തപുരത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട അനിമേഷൻ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയതെന്ന് ജയകുമാർ അനുസ്മരിച്ചു. ആഗോള അനിമേഷൻ കമ്മ്യൂണിറ്റിക്ക് ഒരു പ്രധാന അംഗത്തെയാണ് നഷ്ടമായത്.