തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ സംഘടിക്കണം: മന്ത്രി അനിൽ

Saturday 28 January 2023 12:22 AM IST

തിരുവനന്തപുരം: ചെറുകിട മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സുരക്ഷിതത്വം നഷ്ടമാവാതിരിക്കാൻ തൊഴിലാളികൾ സംഘടിതരായിരിക്കണമെണ് മന്ത്രി ജി.ആർ. അനിൽ. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രമേഖലയിൽ പിന്നണിയിലുള്ള നോൺ ജേർണലിസ്റ്റുകളുടെ സേവനത്തിന്റെ കൂടി ഫലമായാണ് വാർത്തകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എസ്. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. ബാലഗോപാൽ ആമുഖ പ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ മുഖ്യപ്രഭാഷണവും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറ രവി, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വെട്ടുകാട് സോളമൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. ജയകുമാർ, സംഘടനാ സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു, കെ.യു.ഡബ്ളിയു.ജെ ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, എസ്.ആർ. അനിൽകുമാർ, സി.ആർ. അരുൺ, എം.കെ. കമലൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെക്രട്ടറി എസ്. ഉദയകുമാർ സ്വാഗതവും ട്രഷറർ പ്രവീൺ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനം കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു, ജില്ലാ സെക്രട്ടറി എസ്. ഉദയകുമാർ, ട്രഷറർ ജി. പ്രവീൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി. പ്രവീൺ മാതൃഭൂമി (പ്രസിഡന്റ് ), എസ്. ഉദയകുമാർ കേരളകൗമുദി (സെക്രട്ടറി ), സക്കീർ ഹുസൈൻ മാധ്യമം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.