അനിൽ ആന്റണിക്ക് പകരം ഡോ.പി.സരിൻ കൺവീനർ

Saturday 28 January 2023 12:00 AM IST

തിരുവനന്തപുരം: എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പകരം കൺവീനറായി ഡോ.പി.സരിനെ നിയമിച്ച് കെ.പി.സി.സി ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പുന:സംഘടിപ്പിച്ചു. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെ തുടർന്ന് അനിൽ ആന്റണി പാർട്ടി പദവികളൊഴിഞ്ഞതിനെ തുടർന്നാണിത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആണ് ചെയർമാൻ. അതേസമയം അംഗങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബി.ആർ.എം. ഷെഫീർ, രാഹുൽ മാങ്കൂട്ടത്തിൽ, നിഷ സോമൻ, വീണ എസ്. നായർ, താര തോജോ അലക്സ്, ടി.ആർ. രാജേഷ് തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്.

പ്രവർത്തനമില്ലാതെ ഏറെക്കുറെ നിർജീവമായിക്കിടക്കുകയായിരുന്ന ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം പുന:സംഘടിപ്പിക്കാൻ നേരത്തേ കെ.പി.സി.സി തീരുമാനിച്ചിരുന്നു. അതിനിടെയാണ് ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് അനിൽ ആന്റണി പദവി ഒഴിഞ്ഞത്. മെരിറ്റടിസ്ഥാനത്തിൽ കാര്യക്ഷമമായ നേതൃനിരയെയാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി നേതൃത്വം പറഞ്ഞു.

പാലക്കാട് സ്വദേശിയായ ഡോ.സരിൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ കർണാടകയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് പദവി രാജിവച്ച് കോൺഗ്രസിൽ ചേർന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയായിരുന്നു.