ഗുജറാത്ത് വംശഹത്യ: സത്യം പറയുന്നവരെ പിന്തുണയ്ക്കും: രമേശ്

Saturday 28 January 2023 12:00 AM IST

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ സത്യാവസ്ഥ ആര് പുറത്ത് കൊണ്ടുവന്നാലും അവരെ പിന്തുണയ്ക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പങ്ക് സംശയാതീതമായി ജനത്തിന് ബോദ്ധ്യമായി. സത്യം എത്ര മൂടി വച്ചാലും പുറത്ത് വരും. പൂർണ്ണ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണ് ഭാരതം. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഏത് വെല്ലുവിളിയെയും എതിർത്ത് തോൽപ്പിക്കും. രാജ്യത്തെ വർഗീയ ഭരണത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ദിരാഭവനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ദേശീയ പതാക ഉയർത്തി. കെ.പി.സി.സി ഭാരവാഹികളായ എൻ. ശക്തൻ, ജി.എസ്. ബാബു, കോൺഗ്രസ് നേതാക്കളായ വർക്കല കഹാർ, മണക്കാട് സുരേഷ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ്, കെ.മോഹൻകുമാർ, എം.എ. വാഹിദ്, ഷിബാബുദ്ദീൻ കാര്യത്ത്, ആറ്റിപ്ര അനിൽ, വി.എസ്. ഹരീന്ദ്രനാഥ്, വീണ എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.