ലഹരിക്കടത്ത് കേസിന് പിന്നിൽ ഉന്നതനേതാക്കളെന്ന് ഷാനവാസ്

Saturday 28 January 2023 12:00 AM IST

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ കുടുക്കാൻ ഏതാനും ഉന്നത സി.പി.എം നേതാക്കൾ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് ആലപ്പുഴ നഗരസഭയിലെ സി.പി.എം കൗൺസിലർ എ. ഷാനവാസ് പാർട്ടിക്ക് കത്ത് നൽകി. ലഹരിക്കടത്ത് കേസിൽ പിടിയിലായ വാഹനത്തിന്റെ ഉടമ ഷാനവാസിനെ സി.പി.എമ്മിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ
അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പൊലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) പരാതി നൽകിയിട്ടുണ്ട്. ഇതും നേതാക്കളുടെ അറിവോടെയാണെന്നാണ് ഷാനവാസിന്റെ ആരോപണം.

മുൻമന്ത്രി ജി. സുധാകരൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കെതിരെയാണ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് നൽകിയ കത്തിൽ ഷാനവാസ് ആരോപണമുന്നയിച്ചിരിക്കുന്നത്.

പ്രാദേശിക നേതാവ് തനിക്കെതിരെ പരാതി നൽകിയത് ഈ പ്രമുഖ നേതാക്കളുടെ പ്രേരണയാലാണെന്നും ആലപ്പുഴയിൽ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് ലഹരിക്കടത്ത് കേസിന് പിന്നിലെന്നും ഷാനവാസ് കത്തിൽ കുറ്റപ്പെടുത്തുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുള്ളതിനാൽ കത്ത് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കൈമാറാനാണ് ഏരിയാ കമ്മിറ്റിയുടെ തീരുമാനം.

Advertisement
Advertisement