ലക്ഷദ്വീപിൽ ധൃതഗതിയിൽ ഉപതിരഞ്ഞെടുപ്പ്, കമ്മിഷന് സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമോയെന്ന തീരുമാനമെടുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം.
മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് തൊട്ട് പിന്നാലെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. ധൃതഗതിയിലുള്ള തീരുമാനമായിരുന്നു കമ്മിഷന്റേതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ചു. ശിക്ഷാവിധി മരവിപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യം കണക്കിലെടുക്കാൻ ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് തിരത്തെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി.
ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം. വധശ്രമക്കേസിൽ ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് അയോഗ്യനാക്കപ്പെട്ട എം.പി മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ കെ.ആർ. ശശിപ്രഭുവും വാദിച്ചു. ശിക്ഷ മരവിപ്പിച്ച വിധിപ്പകർപ്പ് കോടതിക്ക് കൈമാറി.
മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭയിൽ സീറ്റ് ഒഴിവു വന്നതായി ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചിതിനാലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഹർജിയിൽ നടത്തിയ കടുത്ത പരാമർശങ്ങൾ അനുചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും തീരുമാനമെടുക്കുമ്പോൾ അപ്പീൽ നൽകിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കമ്മിഷനോട് ആരാഞ്ഞു. ഇന്റർനെറ്റ് യുഗത്തിൽ ഇത്തരം കാര്യങ്ങളറിയാൻ ബുദ്ധിമുട്ടുണ്ടോയെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ആരാഞ്ഞു. അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കറാണ് തീരുമാനിച്ചതെന്ന് മനീന്ദർ സിംഗ് വ്യക്തമാക്കിയപ്പോൾ എന്തുകൊണ്ടാണ് ഇക്കാര്യം കമ്മിഷൻ സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്താതിരുന്നതെന്ന് കോടതി ആരാഞ്ഞു.
അപ്പീൽ നൽകി
അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേസിലെ തെളിവുകളും കണ്ടെത്തലുകളും കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടിയെന്ന് അപ്പീലിൽ വ്യക്തമാക്കുന്നു.