പെരിന്തൽമണ്ണയിൽ വോട്ട് പെട്ടി കാണാതായത് ക്രൈംബ്രാ‍ഞ്ച് അന്വേഷിക്കും

Saturday 28 January 2023 12:00 AM IST

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ കേസ് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ.ബാബു അന്വേഷിക്കും. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത് കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ചിരുന്ന പോസ്റ്റൽ ബാലറ്റ് അടങ്ങിയ പെട്ടി കാണാതാവുകയും പിന്നീട് 22 കിലോമീറ്റർ അകലെയുള്ള മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിൽ നിന്ന് കണ്ടെത്തിയതുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

തിരഞ്ഞെടുപ്പ് കേസിലുൾപ്പെട്ട ബാലറ്റുകൾ കണ്ടെത്തിയെങ്കിലും, നേരത്തെ എണ്ണിയ പോസ്റ്റൽ ബാലറ്റുകളിൽ നാനൂറിലധികം പോസ്റ്റൽ ബാലറ്റുകൾ കാണാതായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും അന്വേഷണം നടത്തി കുറ്റക്കാരെങ്കിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്ത നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടുണ്ട്. ഇതു പരിശോധിച്ച് തിങ്കളാഴ്ചക്കകം ജില്ലാ കളക്ടർ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റിപോർട്ട് പരിശോധിച്ച ശേഷമാവും ഉദ്യോഗസ്ഥർക്കെതിരായ ഔദ്യോഗിക നടപടികളടക്കം സ്വീകരിക്കുക.