ചക്കയിൽ നിന്ന് ജൈവ പ്ളാസ്റ്റിക്കും വൈദ്യുതിയും

Saturday 28 January 2023 12:00 AM IST

തൃശൂർ: ചക്കയിൽ നിന്ന് നിരവധി മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്നത് പുതുമയല്ല. എന്നാൽ, അതിൽ നിന്ന് ജൈവ പ്ളാസ്റ്റിക്കും വൈദ്യുതിയുംവരെ ഉണ്ടാക്കാൻ കഴിഞ്ഞാലോ.. അത്തരമൊരു കണ്ടുപിടിത്തത്തിലൂടെ കൈയടി നേടുകയാണ് ഇടുക്കി കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനികളായ അഹ്‌സാന അലിയാറും മേരി റോസ് എബിയും. തൃശൂരിൽ തുടങ്ങിയ സതേൺ ഇന്ത്യ സയൻസ് ഫെയറിലാണ് ഇത് അവതരിപ്പിച്ചത്.

ചക്കയിലെ സ്റ്റാർച്ച് ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കിന് ബദലായുള്ള ജൈവ പ്ലാസ്റ്രിക് നിർമ്മിക്കുന്നത്. ഈ ജൈവ പ്ളാസ്റ്റിക്കിന്റെ ഉപയാേഗം കഴിഞ്ഞാൽ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ച് ബോയിലറിലൂടെ കടത്തിവിട്ട് ഉയർന്ന താപവും മർദ്ദവുമുള്ള വാതകം ഉണ്ടാക്കാം. ഇത് സ്റ്റീം ടർബൈൻ വഴി കടത്തിവിട്ടാൽ വൈദ്യുതിയും ഉണ്ടാക്കാനാകുമെന്നാണ് കണ്ടുപിടിത്തം. ചക്കയുടെ തൊലിയിൽ ഒഴികെ മറ്റ് ഭാഗങ്ങളിലെല്ലാം സ്റ്റാർച്ചുണ്ട്. പച്ചച്ചക്കയിലാണ് കൂടുതലുള്ളത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഇവർക്ക് എ ഗ്രേഡുണ്ടായിരുന്നു.

ജൈവ പ്ളാസ്റ്രിക് നിർമ്മാണം

ചക്ക കഷ്ണങ്ങളാക്കിയശേഷം വാട്ടിയെടുത്ത് സെൻട്രിഫ്യുഗേഷൻ വഴി സ്റ്റാർച്ചാക്കും. ഇത് മണ്ണിൽ അലിഞ്ഞുചേരുന്ന പോളി കാപ്രോലെക്റ്റോൺ എന്ന പോളിമറുമായി കൂട്ടിച്ചേർക്കണം. തുടർന്ന് ബ്ളെൻഡിംഗ് നടത്തി എക്‌സ്ട്രൂഡർ മെഷീനിൽ കടത്തിവിട്ട് പെല്ലറ്റ് പരുവത്തിലാക്കും. ഇതുപയോഗിച്ചാണ് ജൈവ പ്ളാസ്റ്റിക് നിർമ്മിക്കുന്നത്.

ഗുണങ്ങൾ

ചുരുങ്ങിയ നിർമ്മാണച്ചെലവ്
പ്ലാസ്റ്റിക്കിന്റേതിന് തുല്യമായ ഗുണമേന്മ
 പരിസ്ഥിതിക്ക് ദോഷമില്ല

ചക്കയിലെ

സ്റ്റാർച്ചിന്റെ അളവ്

പഴുത്തത്: 10%
പച്ച: 60 %
ഭക്ഷ്യയോഗ്യമല്ലാത്ത

ഭാഗങ്ങളിൽ: 10 %

പാഴാകുന്നത് 30% ചക്ക

പ്രതിവർഷം കേരളത്തിൽ നശിക്കുന്നത് 600 കോടിയുടെ (30 ശതമാനം) ചക്കയെന്നാണ് കണക്ക്. വർഷം 30 മുതൽ 60കോടി വരെ ഉത്പാദനം.

''ചക്ക പാഴായിപോകുന്നത് കണ്ടാണ് ഇത്തരമൊരു ചിന്തയുണ്ടായത്.

- അഹ്‌സാന, മേരി റോസ്

''പച്ചച്ചക്കയിൽ 60 ശതമാനത്തോളം സ്റ്റാർച്ച് ഉണ്ട്. ഇതോടാെപ്പം മറ്റ് ഘടകങ്ങളും ചേർത്താൽ ജൈവ പ്ളാസ്റ്റിക് നിർമ്മിക്കാനാകും. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ട്.

-സജി ഗോമസ്, പോസ്റ്റ് ഹാർവെസ്റ്റ്

മാനേജ്‌മെന്റ് വിഭാഗം ഹെഡ്,

കാർഷിക സർവകലാശാല, മണ്ണുത്തി

Advertisement
Advertisement