കുരച്ചു ചാട്ടം വീണ്ടും, വിറച്ച് ജനം

Saturday 28 January 2023 12:02 AM IST
തെരുവുനായയുടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയവർ

കോഴിക്കോട് : തെരുവുനായ ഭീഷണി നേരിടാൻ പദ്ധതികൾ പലത് നടപ്പാക്കിയിട്ടും നഗര പ്രദേശങ്ങളിൽ തെരുവുനായ ഭീഷണിക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം പയ്യാനക്കലിൽ രണ്ടര വയസുള്ള കുട്ടിയടക്കം 11 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. തെരുവുനായ്ക്കളെ നേരിടാൻ കോർപ്പറേഷൻ ആരംഭിച്ച നടപടികൾ നിലച്ചതോടെ നഗരവാസികൾ ആശങ്കയിലാണ്. നേരത്തെ തന്നെ പയ്യാനക്കൽ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായിരുന്നു.

നഗര പരിധിയിൽ തെരുവുനായകളുടെ ഹോട്ട് സ്പോർട്ടുകൾ കണ്ടെത്തി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തിയിരുന്നു. ഹോട്ട് സ്‌പോട്ടുകൾക്ക് പുറമെ വാർഡ് തലത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി സമഗ്ര ആക്ഷൻ പ്ലാൻ തയാറാക്കി ആദ്യം ഹോട്ട് സ്‌പോട്ടുകളിലും പിന്നീട് വാർഡ് തലത്തിലും വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പൂർണമായി നടപ്പാക്കിയില്ല. നിലവിലുള്ള ഡോഗ് ക്യാച്ചേഴ്‌സിന് പുറമെ തെരുവുനായകളെ പിടികൂടുന്നതിന് പ്രാവീണ്യമുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.

സർക്കിൾ അടിസ്ഥാനത്തിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിക്കാനുള്ള ഇടപെടലുകൾ നിലച്ച മട്ടാണ്. തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ പൂളക്കടവിൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ല.

തെരുവുനായക്കുഞ്ഞുങ്ങളെ ദത്ത് നൽകുന്നതിനായി കോർപ്പറേഷൻ ആവിഷ്‌കരിച്ച 'ബൗ ബൗ ഫെസ്റ്റ്' അഡോപ്ഷൻ ക്യാമ്പിന് തുടക്കത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. രണ്ടുമാസം പ്രായമായ തെരുവുനായക്കുഞ്ഞുങ്ങളെ പേവിഷബാധ കുത്തിവയ്‌പ്പെടുത്ത ശേഷമാണ് ദത്ത് നൽകിയിരുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്തും നായക്കുഞ്ഞുങ്ങളെ സ്വന്തമാക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ പിന്നീട് ഇതിനോട് ആളുകളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. നഗരപരിധിയിൽ 2018ലാണ് അവസാനമായി തെരുവ് നായകളുടെ സർവേ നടന്നത്.

തെരുവുനായയുടെ കടിയേറ്റ് 11 പേർക്ക് പരിക്ക്

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് 11 പേർക്ക് പരിക്ക്. കുറ്റിച്ചിറ സ്വദേശി അബ്ദുൾ കെെയ്യാം ( 49), പയ്യാനക്കൽ സ്വദേശികളായ ജുവെെരിയ, അബ്ദുൾ ജബ്ബാർ (രണ്ടര), സുഹറാബീവി ( 55), സരോജിനി, കാർത്തി (78) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പയ്യാനക്കൽ പട്ടർതൊടി ഭാഗത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെയാണ് സുഹറാബീവിയെ നായ പിന്നിലൂടെയെത്തി കടിച്ചത്. തുടർന്ന് നാലോളം പേരെ കടിക്കുകയായിരുന്നു. നഴ്സറിയിൽ നിന്ന് മകനെയും കൂട്ടിവരുന്നതിനിടെയാണ് പയ്യാനക്കൽ പട്ടർതൊടി സ്വദേശി ജുവെെരിയയെ നായ കടിച്ചത്. രണ്ടരവയസുകാരൻ അബ്ദുൾ ജബ്ബാറിന്റെ കാലിന് കടിയേറ്റപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജുവെെരിയയ്ക്കും കടിയേറ്റത്. ജുവെെരിയയുടെ കെെയിലാണ് പരിക്ക്. ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് കുറ്റിച്ചിറ സ്വദേശി അബ്ദുൾ കെെയാമിന് കടിയേറ്റത്. രണ്ടര വയസുകാരൻ അബ്ദുൾ ജബ്ബാറിന്റെ പരിക്ക് ഗുരുതരമാണ്.

Advertisement
Advertisement