ഇ.സി.എച്ച്.എസുണ്ട്; പക്ഷേ, വിമുക്തഭടൻമാർക്ക് ചികിത്സയില്ല

Saturday 28 January 2023 12:11 AM IST
echs

കോഴിക്കോട്: വിമുക്തഭടൻമാരിൽ നിന്ന് വൻതുക ഈടാക്കി ഇ.സി.എച്ച്.എസിൽ (എക്സ് സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം) ഉൾപ്പെടുത്തിയിട്ടും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. വിവിധ എംപാനൽ സ്വകാര്യ ആശുപത്രികളുടെയും പോളിക്ലിനിക്കുകളുടെയും പിന്തുണയോടെയാണ് ഇ.സി.എച്ച്.എസ് പദ്ധതി നടപ്പാക്കി വരുന്നത്. എന്നാൽ കേന്ദ്രസർക്കാർ പഴയ ബില്ലുകൾ തീർക്കാൻ കാലതാമസം വരുത്തിയതിന്റെ ഫലമായി ചികിത്സ വാഗ്ദാനംചെയ്ത മിക്ക എംപാനൽ ആശുപത്രികളും സേവനം അവസാനിപ്പിച്ചു. മറ്റു സ്ഥലങ്ങളിലാണെങ്കിൽ ചികിത്സ ഭാഗികവും. മരുന്ന് ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. ഫണ്ടുകൾ കൃത്യമായി ലഭിക്കാത്തതിനാൽ എംപാനൽ ആശുപത്രികളുടെ എണ്ണം കുറയുന്നത് പദ്ധതി ക്രമേണ ഇല്ലാതാവുമെന്നാണ് വിമുക്ത ഭടൻമാർ പറയുന്നത്.

വിരമിക്കുന്ന ഒരു പട്ടാളക്കാരനിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ 30,000 രൂപ മുതൽ 1.20 ലക്ഷം വരെയാണ് ഒറ്റത്തവണയായി ചികിത്സാപദ്ധതിയിലേക്ക് അടപ്പിക്കുന്നത്. കൂടാതെ പെൻഷന്റെ കൂടെ പ്രതിമാസം ലഭിച്ചുവരുന്ന മെഡിക്കൽ അലവൻസായ 1000 രൂപ തിരിച്ചെടുക്കുകയും ചെയ്യുന്നു. ഒരുവർഷം ഇങ്ങനെ 12,000 രൂപ നഷ്ടപ്പെടുത്തിയും വൻ തുക ചേർത്തുമാണ് പദ്ധതിയിൽ അംഗമാക്കുന്നത്. 2003 വരെ പിരിഞ്ഞുവരുന്നവർക്ക് സൈനിക ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിച്ചിരുന്നു. 2003 മുതൽ ഇ.സി.എച്ച്.എസ് വന്നതോടെ മെഡിക്കൽ അലവൻസ് നിർത്തലാക്കി.

രാജ്യത്തുടനീളം 2700 എം പാനൽ ആശുപത്രികളും 427 പോളിക്ലിനിക്കുകളുമാണ് ഉള്ളത്. 54 ലക്ഷത്തോളം കുടുബങ്ങൾ ഇതിൽ അംഗങ്ങളാണ്. തുടക്കത്തിൽ പണം അടക്കാതെ ചികിത്സാ സൗകര്യം എം പാനൽ ആശുപത്രികളിൽ നിന്ന് ലഭിച്ചെങ്കിലും പിന്നീട് പിൻവലിഞ്ഞു. 2013ന് ശേഷം ഇ.സി.എച്ച്.എസ് കീഴിലുള്ള സേവനങ്ങളുടെ നിരക്കിൽ ഒരു പരിഷ്‌കരണവും ഉണ്ടായിട്ടില്ല. എം പാനൽ ആശുപത്രികൾ പിൻവലിഞ്ഞതോടെ വിമുക്തഭടൻമാർ ചികിത്സയ്ക്കായി ആദ്യം പണം നൽകി പിന്നീട് റീ ഇംപേഴ്സ്‌മെന്റിനായി അപേക്ഷിക്കണം. നിലവിലുള്ള ചികിത്സാച്ചെലവുകളുടെ ചെറിയ ശതമാനമാണ് ഇതുവഴി തിരികെ ലഭിക്കുക. അതാകട്ടെ പലപ്പോഴും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാവും ലഭിക്കുക. കേന്ദ്ര സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ച് സേവനങ്ങൾ ശക്തിപ്പെടുത്തുകയും പഴയ സേവന നിരക്കുകൾ എത്രയും വേഗം പരിഷ്‌കരിച്ച് സ്‌പെഷ്യാലിറ്റി സേവനമുള്ള കൂടുതൽ ആശുപത്രികൾ എംപാനൽ ചെയ്യണമെന്നുമാണ് വിമുക്ത ഭടൻമാരുടെ ആവശ്യം.

Advertisement
Advertisement