വീടുകളിൽ വെള്ളമെത്തിയിട്ട് അഞ്ച് ദിവസം പൈപ്പുകൾ പടപടാ പൊട്ടുന്നു; കുടിവെളളമില്ലാതെ ചാത്തന്നൂരുകാർ
കൊല്ലം: ഹൈവേ വികസനത്തന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ പ്രശ്നത്തിലായിരിക്കുന്നത് ചാത്തന്നൂർ കല്ലുവാതുക്കൽ പഞ്ചായത്ത് നിവാസികളാണ്. റോഡിന്റെ വീതികൂട്ടൽ നടക്കുമ്പോൾ ഈ പ്രദേശങ്ങളിലുള്ളവരുടെ വീട്ടിലെ പൈപ്പുകളിൽ കുടിവെള്ളമെത്തില്ല. നിർമ്മാണവുമായി ബന്ധപ്പെട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനിന്റെ മാറ്രി സ്ഥാപിക്കലും കുഴിയെടുക്കുമ്പോൾ പൈപ്പ് ലെെനുകൾ പൊട്ടുന്നതുമാണ് ഈ പ്രദേശങ്ങളിലെ കുടിവെള്ളം മുട്ടാൻ കാരണം. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഇവിടെ വീടുകളിലൊന്നും ക്ടിവെള്ളം ലഭിക്കുന്നില്ല. മഴകുറയുന്നതോടെ ഈഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകാറുണ്ട്. ഉയരമുള്ള പ്രദേശമായതിനാൽ വേനൽക്കാലത്ത് ഇവിടെ വീടുകളിലെ കിണറുകളിൽ വെള്ളം കുറയും അപ്പോഴുള്ള ജനങ്ങളുടെ ഏക ആശ്രയം കുടിവെള്ള പൈപ്പ് ലൈൻ വഴിയുള്ള വെള്ളമാണ്. എന്നാൽ ദേശീയ പാതാ വികസനത്തിന്റെ നിർമ്മാണം തുടങ്ങിയതോടെ അടിക്കടിയുള്ള കുടിവെള്ളം മുട്ടലിൽ നട്ടം തിരിയുകയാണ് നാട്ടുകാർ.
നന്നാക്കുന്നതിൽ വ്യക്തതയില്ല
നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഹൈവേ വികസനം പുരോഗമിക്കുന്നത്. കരാർ ഏറ്റെടുത്തവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പലപ്പൊഴും പൈപ്പ് ലൈനുകൾ പൊട്ടുന്നത് പതിവാണ്. എന്നാൽ പിന്നെ ഇത് പുനസ്ഥാപിക്കാനുള്ള നടപടി അവർ ചെയ്യാറില്ല. വാട്ടർ അതോറിറ്റിയാണ് പൈപ്പ് ലൈനിലെ പ്രശ്നങ്ങൾ പരിഹരിച്ച് ജലവിതരണം പൂർവ സ്ഥിതിയിലാക്കേണ്ടത്. എന്നാൽ അടിക്കടി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമയത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതാണ് തുടർച്ചയായി ജല വിതരണം മുടങ്ങുന്നത്. നേരത്തെ ലെെലിനിലെ പ്രശ്നങ്ങൾ പരിഹരിച്ച് രാത്രിയാകുമ്പോഴേക്കും വീടുകളിൽ വെള്ളം എത്തിയിരുന്നു.ഇത് ശേഖരിച്ച് വച്ചാണ് അടുത്ത ദിവസത്തേക്ക് ഉപയോഗിച്ചിരുന്നത്.ഹൈവേ വികസനം നടത്തുന്നവരും വാട്ടർ അതോറിറ്റിയും തമ്മിൽ പൈപ്പ് പുനസ്ഥാപനത്തെപ്പറ്റിയുള്ള വ്യക്തതയില്ലായമയും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അധികൃതർ ബദൽ മാർഗങ്ങൾ സ്വീകരിക്കാത്തിനെതിരെയും പരാതിയുണ്ട്.
ആശ്രയം സ്വകാര്യ ഏജൻസികൾ
കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ളത്തിനായി സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ നാട്ടുകാർക്ക്. ഇതിന് ചിലവ് കൂടുതലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെയും പരാതിയെയും തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം എൻ.എച്ച്.എ.എെ അധികൃതരുമായി ചർച്ചനടത്തിയിരുന്നു. ഉടൻതന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് കൊടുത്തെങ്കിലും പ്രദേശത്ത് ഇപ്പോഴും കുടിവെള്ളമെത്തിയിട്ടില്ല.
മറ്റ് പ്രദേശങ്ങളിലും പ്രശ്നം
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട, കലുങ്ക്, സർവീസ് റോഡ് എന്നിവയുടെ നിർമ്മാണത്തിന് റോഡ് കുഴിക്കുന്നിടത്തെല്ലാം വ്യാപകമായി പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ള വിതരണം തടസപ്പെടുന്നുണ്ട്.