കൊല്ലം - ചെങ്കോട്ട, എം.സി റോഡ് വികസനം നടപടികളിൽ കുരുങ്ങി

Saturday 28 January 2023 1:04 AM IST

കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്

₹ 1500 കോടി

കൊല്ലം: കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കൊല്ലം - ചെങ്കോട്ട പാത, എം.സി റോഡ് വികസന പദ്ധതികൾ മെല്ലപ്പോക്കിൽ. പുതിയ ബഡ്‌ജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റോഡിന്റെ രൂപരേഖ തയ്യാറാക്കുന്ന ജോലികൾ പോലും പൂർത്തിയായിട്ടില്ല.

പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗമാണ് രൂപരേഖ തയ്യാറാക്കുന്നത്. 22 ലക്ഷം രൂപയാണ് ചെലവ്. ഈ രൂപരേഖയുടെ അടിസ്ഥാനത്തിലാകും വിശദമായ പ്രോജക്ട് റിപ്പോർട്ട്. രണ്ട് റോഡുകളും നാലുവരിയായി വികസിപ്പിക്കുന്നതിന് കഴിഞ്ഞ ബഡ്‌ജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാലാണ് തുക വകയിരുത്തിയത്.

പാതകളുടെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് നേരത്തെ ഭരണാനുമതി നൽകിയിരുന്നു. കൊല്ലം- ചെങ്കോട്ടയ്ക്ക് സമാന്തരമായി കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് പഴയ കൊല്ലം- ചെങ്കോട്ട പാത നാലുവരിയായി വികസിപ്പിക്കണമെന്ന നിർദേശം ഉയർന്നത്.

കടമ്പാട്ടുകോണം പാത യാഥാർത്ഥ്യമായാൽ പ്രധാന നഗരങ്ങളായ കുണ്ടറ, കൊട്ടാരക്കര, പുനലൂർ എന്നിവയുടെ പ്രതാപം നഷ്ടമാകുമോയെന്ന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കാനാണ് നാലുവരി പാത എന്ന ആശയത്തിന് പ്രാമുഖ്യം നൽകിയത്.

എം.സി റോഡിൽ ചെങ്ങന്നൂർ വരെ

എം.സി റോഡിൽ കേശവദാസപുരം മുതൽ ചെങ്ങന്നൂർ വരെയാവും വികസന പദ്ധതിയിൽ ഉൾപ്പെടുക. ചെങ്ങന്നൂർ മുതൽ കോട്ടയം വരെ എം.സി റോഡ് കൊല്ലം - തേനി ദേശീയപാതയുടെ ഭാഗമാവുകയും കോട്ടയം മുതൽ അങ്കമാലി വരെ ഏഴ് വർഷത്തെ മെയിന്റനൻസ് പദ്ധതിയിൽ ഉൾപ്പെടുകയും ചെയ്തതിനാലാണ് ചെങ്ങന്നൂർ വരെയായി വികസനം ചുരുക്കുക.

Advertisement
Advertisement