നയിച്ചത് കര-വ്യോമ സേനാ ഉദ്യോഗസ്ഥർ റിപ്പബ്ലിക് ദിന പരേഡ് പ്രൗഢഗംഭീരം

Saturday 28 January 2023 1:27 AM IST

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് നയിച്ചത് കരസേനയുടെ ഇൻഫൻട്രി ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്‌സിലെ മേജർ സി.എസ്. ആനന്ദും‌ ദക്ഷിണ നാവിക കമാൻഡിലെ കമ്മ്യൂണിക്കേഷൻ ഫ്ലൈറ്റിലെ സ്‌ക്വാഡ്രൺ ലീഡർ പ്രദീക് കുമാർ ശർമ്മയും. 11 സായുധ വിഭാഗങ്ങളും 10 സായുധേതര വിഭാഗങ്ങളും അശ്വാരൂഢ സേനയും മൂന്ന് ബാൻഡ് സംഘങ്ങളും പരേഡിൽ അണിനിരന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു.

കര-നാവികസേന, ആർ.പി.എഫ്, കർണ്ണാടക വനിതാ പൊലീസ് നാലാം ബറ്റാലിയൻ, മലബാർ സ്‌പെഷ്യൽ പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, വനിതാ ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, സിറ്റി പൊലീസ്, ജയിൽ-എക്‌സൈസ് വകുപ്പ് എന്നിവയുടെ ഓരോ പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു.

സായുധേതര വിഭാഗത്തിൽ അഗ്‌നിശമനസേന, വനം വകുപ്പിലെ വനിതാ വിഭാഗം, എൻ.സി.സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, പെൺകുട്ടികൾ, എയർ സ്‌ക്വാഡ്രൺ, നാവിക യൂണിറ്റ്, എസ്.പി.സി ആൺകുട്ടികളും പെൺകുട്ടികളും, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവരുടെ ഓരോ പ്ലറ്റൂണും അണിനിരന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ അശ്വാരൂഢ സേനയുടെ ഒരു പ്ലറ്റൂണും കരസേന, തിരുവനന്തപുരം സിറ്റി പൊലീസ്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവയുടെ ബാൻഡ് സംഘങ്ങളും പരേഡിലുണ്ടായിരുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തിയ ശേഷം പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്തു. സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഗവർണറുടെ പത്‌നി രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ പത്‌നി കമല തുടങ്ങിയവർ പങ്കെടുത്തു.