ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രിയും സ്പീക്കറും , വിട്ടുനിന്ന് ധനമന്ത്രി ബാലഗോപാൽ

Saturday 28 January 2023 1:29 AM IST

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ നൽകിയ വിരുന്നിൽ (അറ്റ് ഹോം) മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി ജി.ആർ. അനിൽ എന്നിവരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്തപ്പോൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിട്ടുനിന്നത് ശ്രദ്ധേയമായി.

രാജ്ഭവനിൽ നിന്ന് ക്ഷണമുണ്ടായിരുന്നെങ്കിലും ബഡ്ജറ്റ് ഒരുക്കത്തിന്റെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഗവർണറെ വിമർശിച്ചതിനാൽ തനിക്ക് മന്ത്രി ബാലഗോപാലിനോടുള്ള പ്രീതി നഷ്ടമായെന്നും ഭരണഘടനാപരമായ നടപടിയെടുക്കണമെന്നും കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകിയിരുന്നു. എന്നാൽ, ബാലഗോപാലിൽ തനിക്ക് പൂർണ്ണവിശ്വാസമുണ്ടെന്നും തുടർ നടപടി വേണ്ടെന്നുമായിരുന്നു അതിന് മുഖ്യമന്ത്രിയുടെ മറുപടി.

ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊലീസ് മേധാവി അനിൽകാന്ത്, ഗവർണറുടെ പത്നി രേഷ്മ, മുഖ്യമന്ത്രിയുടെ പത്നി കമല, സായുധസേനാ ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ-സാമൂഹ്യ, സാംസ്കാരിക-ബിസിനസ് മേഖലകളിൽ നിന്നുള്ള വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. നേർക്കുനേർ ഏറ്റുമുട്ടലിനു ശേഷം, നയപ്രഖ്യാപനത്തിന് സർക്കാർ ക്ഷണിച്ചതോടെ ഉടലെടുത്ത അനുനയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ വിരുന്ന്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സൽക്കാരത്തിനായി 15ലക്ഷം അനുവദിച്ച ശേഷം സർക്കാരുമായി സ്വരച്ചേർച്ചയില്ലാത്തതിരുന്നതിനാൽ ഗവർണർ റദ്ദാക്കിയിരുന്നു.