കിവികൾ റാഞ്ചി
റാഞ്ചി: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ന്യൂസിലൻഡിനെതിരെ 21 റൺസിന്റെ തോൽവി. റാഞ്ചി വേദിയായ മത്സരത്തിൽ ആദ്യം ബാറ്ര് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 6 വിക്കറ്ര് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ അർദ്ധ സെഞ്ച്വറി നേടിയ ഡെവോൺ കോൺവേയും (35 പന്തിൽ 52), ഡീരിൽ മിച്ചലുമാണ് (പുറത്താകാതെ 30 പന്തിൽ 59) നല്ല ടോട്ടലിൽ എത്തിച്ചത്. മിച്ചൽ 6 സിക്സും മൂന്ന് ഫോറും കോൺവേ 7 ഫോറും 1 സിക്സും നേടി. ഫിൻ അലനും (35) തിളങ്ങി. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ വാലറ്രത്ത് അടിച്ച് തകർത്ത് അർദ്ധ സെഞ്ച്വറി നേടിയ വാഷിംഗ്ടൺ സുന്ദറിനും (28 പന്തിൽ 50), സൂര്യകുമാർ യാദവിനും (34 പന്തിൽ 47) മാത്രമേ മികച്ച പ്രകടനം പുറത്തെടുക്കാനായുള്ളൂ. ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ (21) ഭേദപ്പെട്ട പ്രകടനം നടത്തി. കിവികൾക്കായി ക്യാപ്ടൻ സാന്റ്നറും ബ്രെയ്സ്‌വെല്ലും ഫെർഗുസനും രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു.