ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; ആഘാതത്തിൽ കാർ പൂർണമായും തകർന്നു

Saturday 28 January 2023 11:00 AM IST

കോഴിക്കോട്: കണ്ടെയ്നർ ലോറിയും നാനോ കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. പുതുപ്പാടി എലോക്കരക്ക് സമീപമാണ് അപകടമുണ്ടായത്. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരണപ്പെട്ടത്.

അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നാനോ കാർ പൂർണമായും തകർന്നു.