8.02 ലക്ഷം റേഷൻ കാർഡ് വിതരണം ചെയ്തു

Sunday 29 January 2023 12:01 AM IST

പാലക്കാട്: ജില്ലയിൽ ഭക്ഷ്യ കമ്മിഷൻ പ്രവർത്തനം മികച്ചതാണെന്ന് കമ്മിഷൻ അംഗം വി.രമേശൻ പറഞ്ഞു. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ജില്ലാ വാർഷിക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ 934 റേഷൻകട മുഖേന 8.02 ലക്ഷം റേഷൻ കാർഡ് വിതരണം ചെയ്തു. സ്കൂൾ പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. മൂന്നുമാസം മുതൽ മൂന്നുവയസ് വരെയുള്ള കുട്ടികൾക്ക് അമൃതം പൊടി, പ്രഭാത ഭക്ഷണം, പോഷക ബാല്യം പദ്ധതിയുടെ ഭാഗമായി പാൽ-മുട്ട വിതരണം, ഗർഭിണികൾ, കൗമാരപ്രായമായ പെൺകുട്ടികൾക്കുള്ള പോഷകാഹാരം എന്നിവ വിതരണം ചെയ്യുന്നുണ്ടെന്ന് ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ അറിയിച്ചു. അട്ടപ്പാടിയിൽ മൂന്ന് പഞ്ചായത്തുകളിലായി 8,690 മഞ്ഞ കാർഡും 218 പിങ്ക് കാർഡും 577 വെള്ള കാർഡും നൽകിയതായി ഐ.ടി.ഡി.പി ഓഫീസർ അറിയിച്ചു. യോഗം കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.മണികണ്ഠൻ, സപ്ലൈകോ അസിസ്റ്റന്റ് റീജണൽ മാനേജർ കെ.എസ്.സതീഷ്‌കുമാർ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ.ലത, ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസർ ഇ.വി.സുരേഷ് എന്നിവർ പങ്കെടുത്തു.