ലൈഫ് മിഷൻ കോഴ; എം ശിവശങ്കറിന് നോട്ടീസ്, ചൊവ്വാഴ്ച ഇഡിയ്ക്ക് മുന്നിൽ ഹാജരാകണം

Saturday 28 January 2023 4:09 PM IST

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ഹാജരാകാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി നാല് കോടി നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കരാർ ലഭിക്കാൻ ഇടനില നിന്ന സ്വർണക്കടത്ത് കേസ് പ്രതിയും യു എ ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയുമായ സ്വപ്‌ന സുരേഷിന് ഒരു കോടി രൂപ ലഭിച്ചെന്നും സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. സ്വപ്‌നയെയും യു എ ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ സരിത്തിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

സന്തോഷ് ഈപ്പൻ, സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി സന്ദീപ് നായർ എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കേസിൽ സി ബി ഐ കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ചിരിക്കുകയാണ്.

Advertisement
Advertisement