ഭാരതപ്പുഴ കൈയേറ്റം: ഡിജിറ്റൽ സർവേയിലൂടെ അതിർത്തി നിർണയിക്കും

Sunday 29 January 2023 12:22 AM IST

ഒറ്റപ്പാലം: ഭാരതപ്പുഴയോരത്തെ കൈയേറ്റം കണ്ടെത്തി അതിർത്തി നിർണിയിക്കാൻ ഡിജിറ്റൽ സർവേയുടെ സഹായം തേടുന്നു. ദേശാടന പക്ഷികളെത്തുന്ന പുഴയോരത്തെ പുൽക്കാടുകൾക്ക് തീയിടുന്ന സംഭവത്തിൽ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ. ഇതിനായി റവന്യൂ വകുപ്പ് ഭൂരേഖാ വിഭാഗം കളക്ടറെ സമീപിച്ചു. ഡിജിറ്റൽ സർവേയിലൂടെയോ ഒരു സംഘത്തെ രൂപീകരിച്ചോ അതിർത്തി നിർണയിച്ച് കൈയേറ്റം കണ്ടെത്താനാണിത്.

ലക്കിടി മുതൽ വാടാനാംകുറിശ്ശി വരെയുള്ള പ്രദേശത്തെ പുഴയോരത്തെ കൈയേറ്റമാണ് കണ്ടെത്തുക. അനുമതി ലഭിച്ചാൽ ഏകദേശം 25 കിലോമീറ്റർ ദൂരം അതിർത്തി നിർണയം നടക്കും.

മായന്നൂർ പാലത്തിന് കീഴിൽ പക്ഷികളെത്തുന്ന കേന്ദ്രത്തിൽ പുൽക്കാടുകൾക്ക് വ്യാപകമായി തീയിടുന്നുണ്ട്. ഇതു കാട്ടുതീയല്ലെന്നും മനുഷ്യർ തന്നെ തീയിടുന്നതാണെന്നുമാണ് വനംവകുപ്പിന്റെ നിരീക്ഷണം. കൃഷി ചെയ്തും വഴിയായി ഉപയോഗിച്ചും പലരും പുഴയോരം കൈയേറുന്നുണ്ടെന്നും അനധികൃത നിർമ്മാണം നടക്കുന്നുണ്ടെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

തീയിടുന്ന സ്ഥലത്ത് ജൈവവേലി നിർമ്മിക്കാൻ ഭൂരേഖാ വിഭാഗം സർവേ നടത്തുന്നുണ്ട്. ഈ ഭാഗത്തെ ആറ് കിലോമീറ്റർ പ്രദേശത്തെ അതിർത്തി നിർണിയിക്കാനാണ് സർവേ. നഗരസഭയുടെ സാമ്പത്തിക സഹായത്തോടെ അടിയന്തരാവശ്യമെന്ന നിലയ്ക്കാണ് ഈ നടപടി.

പുഴയുടെ എല്ലാ ഭാഗത്തും കൈയേറ്റമുണ്ട്. ഇതും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സർവേയ്ക്ക് അനുമതി തേടിയത്. നിലവിലെ ചുമതലകൾക്കൊപ്പം കൂടുതൽ ദൂരം സർവേ നടത്തുന്നത് കാലതാമസമെടുക്കുമെന്ന കണക്കുകൂട്ടലിലാണ് ഡിജിറ്റൽ സർവേ നടപടികളിലേക്ക് കടക്കുന്നത്.