റബർ ഷീറ്റ് മുതൽ അടക്ക വരെ മുളവൂരിലെ കള്ളൻ റാഞ്ചും 100 കിലോ റബർ ഷീറ്റ് കവർന്നു
മൂവാറ്റുപുഴ: ഇടവേളയ്ക്ക് ശേഷം മുളവൂരിൽ വീണ്ടും മോഷണം. 100 കിലോ റബർ ഷീറ്റാണ് കള്ളൻ കൊണ്ടു പോയത്. മുളവൂർ പി.ഒ ജംഗ്ഷനിൽ താമസിക്കുന്ന ഇക്കരക്കുടിയിൽ ഹസന്റെ സ്റ്റോർ റൂം കുത്തിതുറന്നാണ് മോഷണം. 27 ന് രാത്രിയാണ് സംഭവം. വീടിനോട് ചേർന്നുള്ള സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന റബർ ഷിറ്റാണ് കവർന്നത്.
വീട്ടിൽ ഹസനും കുടുംബവും ഉണ്ടായിരുന്നു. സ്റ്റോർ റൂമിന്റെ താക്കോൽ തകർത്താണ് അകത്ത് കയറിയിട്ടുള്ളത്. ആഴ്ചകൾക്ക് മുമ്പ് മുളവൂർ ആലപ്പാട്ട് എ.ഇ.ഗോപാലന്റെ വീടിനോടു ചേർന്നുള്ള പുകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് 25000 രൂപയോളം വില വരുന്ന 150 കിലോഗ്രാം റബർ ഷീറ്റും 100 കിലോഗ്രാം ഒട്ടുപാലും കവർന്നിരുന്നു.
വീട്ടിൽ ഗോപാലനും ഭാര്യയും മാത്രമാണുണ്ടായിരുന്നത് . വീടും വീട്ടുകാരെയും പരിചയമുള്ളവരാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം .
മാസങ്ങൾക്കു മുമ്പ് മുളവൂർ പൊന്നിരിക്കൽ തുളസീധരന്റെ സ്റ്റോർ റൂം കുത്തിത്തുറന്ന് 160 കിലോ ഉണങ്ങിയ അടയ്ക്കയും 30 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും മോഷ്ടിച്ചിരുന്നു. മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ സി.സി ടിവി കാമറയിൽ പതിയുകയും ഇതു പൊലീസിനു കൈമാറുകയും ചെയ്തിരുന്നെങ്കിലും പൊലീസിന് മോഷ്ടാവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മുളവൂർ മേഖലയിൽ തുടർച്ചയായി ഉണ്ടാക്കുന്ന മോഷണങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മോഷണങ്ങൾ നടന്ന സ്ഥലത്ത് പൊലീസ് പ്രാഥമിക അന്വേഷണം മാത്രം നടത്തി മടങ്ങുകയാണ് പതിവ്. തുടർ അന്വേഷണം നടക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.