കൂടുതൽ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എത്തും , ഹെൽത്ത് കാർഡും ശുചിത്വവും നോക്കും

Sunday 29 January 2023 1:39 AM IST

ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് കൂടുതൽ ഉത്തരവാദിത്വം

തിരുവനന്തപുരം : ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കുന്ന കേരളം സുരക്ഷിത ഭക്ഷണ ഇടം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്താൻ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും. ഇവർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പതിവ് പരിശോധന തുടരും.

നിലവിൽ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും പരിശോധന എങ്ങനെ നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ല. അതിനാൽ പ്രശ്‌‌നമുണ്ടാകുമ്പോൾ അവർക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല. ഇനി ദൈനംദിന പരിശോധനകളുടെ കണക്ക് കൃത്യമായി സൂക്ഷിക്കണം. ഇതിന്റെ മാർഗരേഖ ആരോഗ്യ വകുപ്പ് പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്.

പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് ഹെൽത്ത് ഇൻസ്‌പെക്ടറും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പ്രവർത്തിക്കുന്നത്. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ ചുമതല ഈ മേഖലയിലും ഉപയോഗപ്പെടുത്തുകയാണ്. ഇവരുടെ പരിശോധനയിൽ കണ്ടെത്തുന്നത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും.

ആരോഗ്യ വകുപ്പ്

ഹെൽത്ത് ഇൻസ്‌പെക്ടർമാർ 883

ഹെൽത്ത് സൂപ്പർവൈസർമാർ 176

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് ഒന്ന് 1813

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട് 1813

ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആകെ ഉദ്യോഗസ്ഥർ 160

സുരക്ഷിത ഭക്ഷണം വിളമ്പുന്നുവെന്ന് ഓരോ സ്ഥാപനവും ഉറപ്പാക്കണം. ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കും അഭിവൃദ്ധിക്കും അത് ഉതകും

--മന്ത്രി വീണാ ജോർജ്