ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റ് വിഹിതം നാലിരട്ടി കൂട്ടണം
Sunday 29 January 2023 12:55 AM IST
തിരുവനന്തപുരം: സംസ്ഥാനബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്കുള്ള വിഹിതം നാലിരട്ടി കൂട്ടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ ആവശ്യപ്പെട്ടു. നിലവിൽ ഇത് ഒരു ശതമാനമാണ്. 'ഹെൽത്ത് ഫസ്റ്റ്, വൺ ഹെൽത്ത്" എന്ന ആശയം നടപ്പിലാക്കാനും പുതിയ വൈറൽ രോഗങ്ങൾ, റോഡപകടങ്ങൾ, കാൻസർ തുടങ്ങിയ രോഗങ്ങൾ, കുട്ടികളിലെ അമിതവണ്ണം തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടുവാൻ ബഡ്ജറ്റ് വിഹിതം അപര്യാപ്തമാണ്. മയക്കുമരുന്ന് ഭീഷണി നേരിടാനും ആരോഗ്യമേഖലയിൽ വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വർദ്ധിപ്പിക്കാനും വിഹിതം കൂട്ടേണ്ടത് ആവശ്യമാണെന്ന് അവർ വ്യക്തമാക്കി.