ലോഡ്ജിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; അയൽവാസി അറസ്റ്റിൽ

Sunday 29 January 2023 12:58 AM IST

 കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം

മുട്ടം: വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ മുട്ടം സ്വദേശി വണ്ടംമാക്കൽ വി.ജെ. ഉല്ലാസ് (34) അറസ്റ്റിലായി. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിനെ കഴിഞ്ഞ 23 നാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെ തുടർന്ന് സമീപത്തെ മുറിയിലുള്ളവർ വിവരമറിയിച്ചതനുസരിച്ച് ഉടമയെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് വിഷക്കുപ്പികൾ കണ്ടെത്തിയതിനാൽ ആത്മഹത്യയാണെന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തി. ഇതോടെ കൂടുതൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. യേശുദാസനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതിയായ ഉല്ലാസ് പൊലീസിന് മൊഴി നൽകിയതായാണ് വിവരം. 19ന് രാത്രി പത്ത് മണിയോടെ യേശുദാസൻ താമസിച്ചിരുന്ന ലോഡ്ജിൽ എത്തിയ ഉല്ലാസ് ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും മർദ്ദിക്കുകയും ചെയ്തതിന് സാക്ഷികളുണ്ട്. ഇതിന് ശേഷം ഇയാൾ ഇവിടെ നിന്ന് പോയി. പിന്നീട് എപ്പോഴോ വന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ കേസിൽ കൂടുതൽ വ്യക്തത വരൂ. പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ മറ്റ് പ്രതികളുണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണെന്ന് മുട്ടം എസ്.എച്ച്.ഒ പ്രിൻസ് ജോസഫ് പറഞ്ഞു.