ശബരിമല വെടിവഴിപാട് കരാർ: തൃശൂർ സ്വദേശിനിക്ക് നൽകിയ സാഹചര്യം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

Sunday 29 January 2023 1:06 AM IST

കൊച്ചി: ശബരിമലയിലെ വെടിവഴിപാടിനുള്ള കരാർ തൃശൂർ സ്വദേശിനി എം.എസ്. ഷീനയ്ക്ക് നൽകാനുള്ള സാഹചര്യം വ്യക്തമാക്കി ശബരിമല എക്സിക്യുട്ടീവ് ഓഫീസർ സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിൽ കതിന പൊട്ടിത്തെറിച്ച് അപകടമുണ്ടായ സാഹചര്യത്തിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. അപകടത്തിന് പിന്നാലെ കരാറുകാരിയുടെ ലൈസൻസ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. കരാറുകാരിക്ക് ലൈസൻസ് നൽകാനിടയായ സാഹചര്യം വിശദീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കരാറുകാരിക്ക് തൃശൂരിൽനിന്നുള്ള എക്‌സ്‌പ്‌ളോസീവ് ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് കരാർ നൽകിയത്. തൃശൂർ ജില്ലാ പൊലീസ് മേധാവിയുടെ പ്രതികൂലറിപ്പോർട്ട് കണക്കിലെടുക്കാതെയാണ് തൃശൂർ എ.ഡി.എം കരാറുകാരിക്ക് ലൈസൻസ് നൽകിയത്. ഇക്കാര്യത്തിൽ വിശദീകരണത്തിനായി ഹൈക്കോടതി നിർദ്ദേശപ്രകാരം കോടതിയിൽ നേരിട്ട് ഹാജരായ തൃശൂർ എ.ഡി.എം വിശദീകരണത്തിന് സമയംതേടി. തൃശൂരിലെ കരാറുകാരിക്ക് ശബരിമലയിലെ കരാർ നൽകാനുള്ള സാഹചര്യം വ്യക്തമാക്കാൻ പത്തനംതിട്ട ജില്ലാ കളക്ടർ ശബരിമല എക്സിക്യുട്ടീവ് ഓഫീസർക്ക് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

പത്തനംതിട്ട ജില്ലാ കളക്ടറും പത്തുദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണം. ഹർജി ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.