കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ശ്രമം: ഡ്രൈവേഴ്സ് യൂണിയൻ

Sunday 29 January 2023 1:09 AM IST

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്‌കരണമുൾപ്പെടെയുള്ള തീരുമാനങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയെ തകർക്കാനാണ് മാനേജ്‌മെന്റും സർക്കാറും ശ്രമിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് ഡ്രൈവേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.ചെയ്ത ജോലിക്ക് ശമ്പളം കിട്ടാൻ ഓരോ മാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാർ. കൃത്യമായി ശമ്പളം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുപോലും പാലിക്കപ്പെടുന്നില്ല. തൊഴിലാളി ദ്രോഹ നിലപാടുകൾ സ്വീകരിച്ച് ഘട്ടം ഘട്ടമായി കെ എസ് ആർ ടിസിയെ സ്വകാര്യവത്കരിക്കുന്നതിന് വേണ്ടിയുള്ള മാനേജ്മന്റ് നടപടി അംഗീകരിക്കില്ലെന്ന് ഡ്രൈവേഴ്‌സ് യൂണിയൻ വ്യക്തമാക്കി.

ഡ്രൈവേഴ്‌സ് യൂണിയൻ ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥന പ്രസിഡന്റ് വി.എസ് ശിവകുമാർ ഉദ്ഘടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആർ. അയ്യപ്പൻ, ജനറൽ സെക്രട്ടറി ടി.സോണി, വൈസ് പ്രസിഡന്റുമാരായ എ.ഡി.ബിജു, സി. മുരുകൻ, പി.ഷൈജു, ട്രഷറർ ജോബി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.